അക്ഷരസാന്ത്വനം പദ്ധതിക്ക് തുടക്കം: ഇനി അശരണര്‍ക്കും അക്ഷരവെളിച്ചം
തിരുവനന്തപുരം: സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലെയും വൃദ്ധ സദനങ്ങളിലെയും മാനസികാരോഗ്യ കേന്ദ്രങ്ങളിലെയും അന്തേവാസികളായ നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചം നല്‍കുന്ന അക്ഷരസാന്ത്വനം പദ്ധതിക്ക് സംസ്ഥാനത്തു തുടക്കമായി.
തിരുവനന്തപുരം ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അതു ഭേദമാകാനുള്ള പ്രായോഗിക പരിപാടിയായി പദ്ധതി മാറുമെന്ന് മന്ത്രി പറഞ്ഞു.
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിനും ആരോഗ്യവകുപ്പ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസികാരോഗ്യം വീണ്ടെടുത്തിട്ടും സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നവരെ സ്വന്തംകാലില്‍ നിര്‍ത്തുന്നതിനായി മികച്ച തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് അക്ഷരസാന്ത്വനം പദ്ധതി നടപ്പാക്കുന്നത്.
ഊളന്‍പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ 25 അന്തേവാസികള്‍ക്കായാണ് ആദ്യഘട്ടത്തില്‍ ക്ലാസ് നടത്തുന്നത്. പഠിതാക്കള്‍ക്കുള്ള പഠനോപകരണ വിതരണവും മന്ത്രി നിര്‍വഹിച്ചു. സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല അധ്യക്ഷയായി.
സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ടി. സാഗര്‍, സാക്ഷരത മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."