മത്സ്യത്തൊഴിലാളിയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി
വിഴിഞ്ഞം: കട്ടമരത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളിക്ക് വിഴിഞ്ഞം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷകരായി. തിരയിലും കാറ്റിലും പെട്ട് ലക്ഷ്യമില്ലാതെ അലഞ്ഞ് അവശനായ തൊഴിലാളിയെ കണ്ടെത്തിയത് രാത്രി 10 മണിയോടെ. വലിയതുറ സ്വദേശി അലോഷ്യസ് (50) നെയാണ് കടല്‍ത്തിരയുടെ പിടിയില്‍ നിന്ന് ഏറെ സാഹസികമായി അധികൃതര്‍ രക്ഷപ്പെടുത്തിയത്.
ഇന്നലെ ഉച്ചയോടെ വലിയതുറ പാലത്തു നിന്നാണ് അലോഷ്യസ് മീന്‍പിടിക്കാന്‍ പുറപ്പെട്ടത്. എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് ശക്തമായ കടല്‍ത്തിരയില്‍ പങ്കായം ഉയോഗിച്ച് തുഴഞ്ഞു പോയ ഇയാളുടെ കട്ടമരം നിയന്ത്രണംതെറ്റി ഒഴുകി. കരക്കടുക്കാനുള്ള എല്ലാ ശ്രമങ്ങളും പാഴായി പ്രതീക്ഷ നഷ്ടപ്പെട്ട ഇയാളുടെ മുന്നില്‍ രാത്രി വൈകി രക്ഷകരെത്തുകയായരുന്നു. ഉച്ചക്ക് പുറപ്പെട്ട അലോഷ്യസിനെ വൈകിയും കാണാതായതോടെ ബന്ധുക്കള്‍ വലിയതുറ പള്ളി അധികൃതരെ വിവരമറിയിച്ചു.
രാത്രി എട്ടരയോടെ കാണാതായ വിവരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. സി.പി.ഒമാരായ വിനോദ്, റോബിന്‍സണ്‍, വിജു, ലൈഫ് ഗാര്‍ഡുമാരായ കൃഷ്ണന്‍, ഇസ്മായില്‍, സ്രാങ്ക് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികൂല കാലാവസ്ഥയും അവഗണിച്ച് രക്ഷാ ബോട്ടിറക്കി.
തിരച്ചിലിനൊടുവില്‍ രാത്രി പത്തോടെ കോവളത്തിനും പനത്തുറക്കുമിടയില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ മട്ടമരത്തില്‍ അലഞ്ഞ് തിരിയുന്ന അലോഷ്യസിനെ രക്ഷാ സംഘം കണ്ടെത്തി. ഏറെ സാഹസപ്പെട്ട് ഇയാളെ ബോട്ടില്‍ കയറ്റിയ അധികൃതര്‍ വിഴിഞ്ഞത്ത് എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."