മുസ്ലിം വിരുദ്ധ പരാമര്‍ശം: ദുബായിലെ പ്രമുഖ ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിനെ പുറത്താക്കി
ദുബായ്: മുസ്ലിം വിരുദ്ധ പരാമര്‍ശം ട്വീറ്റ് ചെയ്ത ദുബായിലെ പ്രമുഖ ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിനെ ജോലിയില്‍ നിന്നു പുറത്താക്കി. ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ രംഗ് മഹല്‍ എന്ന റസ്റ്റോറന്റിലായിരുന്നു ഇദ്ദേഹം ജോലിചെയ്തിരുന്നത്.
''രണ്ടായിരം വര്‍ഷത്തിലേറെയായി ഇസ്ലാമിന്റെ ഭീകരതയ്ക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയ (നടി) എന്തുകൊണ്ട് കാണുന്നില്ല'' - എന്ന ട്വീറ്റാണ് വിവാദമായത്. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഹിന്ദു ദേശീയവാദികളെ ഭീകരവാദികളായി വര്ണ്ണിച്ചതിനെത്തുടര്ന്നായിരുന്നു ട്വീറ്റ്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിന്‍വലിച്ചെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചു. പ്രതിഷേധം ശക്തമാവുകയും റസ്റ്റോറന്റ് ബഹിഷ്കരിക്കാന്‍ ആഹ്വാനമുണ്ടാവുകയും ബുക്ക് ചെയ്തിരുന്ന പല പരിപാടികളും റദ്ദാക്കുകയും ചെയ്തു. ഇതോടെ അദ്ദേഹത്തെ പുറത്താക്കി ഹോട്ടല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയായിരുന്നു.
പെട്ടെന്നുണ്ടായ വികാര തള്ളിച്ചയില്‍ സംഭവിച്ച പിഴവാണെന്നും തന്റെ ട്വീറ്റിന് യാതൊരു ന്യായീകരണവുമില്ലെന്നും കൊച്ചാര്‍ പറഞ്ഞു. തെറ്റ് അംഗീകരിക്കുന്നുവെന്നും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ അധികൃതരുടെ തീരുമാനം തന്നെ തീര്‍ത്തും അസ്വസ്ഥനാക്കുന്നുവെന്ന് കൊച്ചാര്‍ പ്രതികരിച്ചു. എന്നിരുന്നാലും ഞാന്‍ സൃഷ്ടിച്ച വലിയ പ്രതിസന്ധിയും ഹോട്ടലിന് മുന്നോട്ടുപോകാനുള്ള പ്രയാസവും ഞാന്‍ മനസ്സിലാക്കുന്നു. ഹോട്ടലിനോടും ജീവനക്കാരോടും ആദരവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."