സ്‌കൂള്‍ വാഹന പരിശോധന: പൊലിസ് നേരിട്ട് സ്‌കൂളിലേക്ക്: അലക്ഷ്യമായി വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും
കൊല്ലം: കൊച്ചി മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് കുട്ടികളും ആയയും മരിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ ബസുകളെയും ഡ്രൈവര്‍മാരെയും നിരീക്ഷിക്കാന്‍ സ്‌കൂളുകളില്‍ പൊലിസ് നേരിട്ടെത്തി നടപടിയെടുക്കാന്‍ തീരുമാനം.
നിയമലംഘനങ്ങള്‍ നടത്തുന്ന സ്‌കൂള്‍ ബസുകള്‍ക്കെതിരേ അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന വ്യാപക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ നേരിട്ടെത്തി സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധന പൊലിസ് നടത്തുന്നത്.
കൊല്ലം റൂറലില്‍ ഉടന്‍ പരിശേധന ആരംഭിക്കും. കഴിഞ്ഞദിവസം റൂറല്‍ എസ്.പി ബി അശോകന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പൊലിസ് ഓഫിസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. ഡിവൈ.എസ്.പിമാരായ ജെ. ജേക്കബ്, അനില്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും.
സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന മുഴുവന്‍ വാഹനങ്ങളുടെയും രേഖകളും ബസുകളുടെ ക്ഷമതയും നേരിട്ടു പരിശോധിക്കും. ബസ് ജീവനക്കാരുടെ രേഖകളും പരിശോധിക്കും. സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന ഓട്ടോറിക്ഷകള്‍, മറ്റു സമാന്തര വാഹനങ്ങള്‍ എന്നിവയും പരിശോധിക്കും. അലക്ഷ്യമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി ലൈസന്‍സ് റദ്ദാക്കാനുമാണ് തീരുമാനം.
മുന്‍പ് തിരുവനന്തപുരം പാര്‍വതി പുത്തനാറിലേയ്ക്ക് സ്‌കൂള്‍വാന്‍ മറിഞ്ഞ സംഭവത്തെ തുടര്‍ന്ന് വ്യാപക പരിശോധനകള്‍ നടന്നിരുന്നെങ്കിലും സംഭവത്തിന്റെ ചൂട് മാറിയതോടെ എല്ലാം പഴയപോലെയാവുകയായിരുന്നു. കുട്ടികളെ ഇരുത്തി മാത്രം യാത്ര ചെയ്യിക്കുക, കുട്ടികളെ കുത്തിനിറച്ച് വാഹനങ്ങള്‍ സര്‍വിസ് നടത്തരുത്, പത്തുവര്‍ഷത്തില്‍ കുറയാത്ത പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ മാത്രം സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുക എന്നിവയെല്ലാം വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങള്‍ പാലിക്കേണ്ട നിയമങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."