വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കോടി രൂപയുമായി മൂന്നുപേര്‍ അറസ്റ്റില്‍
വടകര: ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേരെ ഡിവൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് പിടികൂടി. വടകരയിലെ സമീപകാലത്തെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്.
വില്യാപ്പള്ളി സ്വദേശികളായ പൊന്മേരി പറമ്പില്‍ വരിക്കോളി താഴക്കുനി ബഷീര്‍ (42), വണ്ണാന്റവിട കുനിയില്‍ വി.കെ മന്‍സില്‍ ബദറുദ്ദീന്‍ (36), നീലിയത്ത്കുനി സെയ്ത് (34) എന്നിവരാണ് അറസ്റ്റിലായത്. യാതൊരു രേഖയുമില്ലാതെ കൊണ്ടുവരികയായിരുന്ന 89,77,500 രൂപയാണ് ഇവര്‍ സഞ്ചരിച്ച കാറില്‍നിന്നു പിടിച്ചെടുത്തത്.
ഇന്നലെ പുലര്‍ച്ചെ കെ.എല്‍ 18 യു 1843 നമ്പര്‍ നിസാന്‍ മൈക്ര കാറില്‍ സംഘം പണവുമായി വരുമ്പോള്‍ വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കൈനാട്ടിയില്‍ വാഹനം തടയുകയായിരുന്നു. മൈസൂരുവില്‍നിന്ന് തലശ്ശേരി വഴിയാണ് പണം കൊണ്ടുവന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസിന്റെ നടപടി. കാറിന്റെ രഹസ്യ അറയില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണു പണം സൂക്ഷിച്ചിരുന്നത്.
പിടിയിലായ സെയ്ത് അറിയപ്പെടുന്ന വോളിബോള്‍ താരം കൂടിയാണ്. ഇയാള്‍ക്കു വേണ്ടിയാണു പണം കടത്തിയതെന്ന് പൊലിസ് പറഞ്ഞു. ഡിവൈ.എസ്.പിയുടെ ഷാഡോ പൊലിസും സി.ഐയുടെ ക്രൈം സ്‌ക്വാഡും സംയുക്തമായാണു സംഘത്തെ പിടികൂടിയത്. വടകര, വില്ല്യാപ്പളളി മേഖലയില്‍ കുഴല്‍പ്പണ ഇടപാടിനു വേണ്ടിയാണു പണം കൊണ്ടുവന്നതെന്നും പൊലിസ് പറഞ്ഞു.
എ.എസ്.ഐ മാരായ സി.എച്ച് ഗംഗാധരന്‍, കെ.പി രാജീവന്‍, സി.പി.ഒമാരായ ഷിനു, ഷിറാജ്, ഷാജി, അജേഷ്, ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. കോടതിയുടെ അനുമതിയോടെ കേസ് എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."