ഡ്രൈവര്‍മാര്‍ക്ക് വേതനം കൊടുക്കാന്‍ പണമില്ല; മിഠായിത്തെരുവിലെ ബഗ്ഗി സര്‍വിസ് നിലച്ചു
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവില്‍ ഭിന്നശേഷിക്കാര്‍ക്കും പ്രായം ചെന്നവര്‍ക്കും യാത്ര ചെയ്യാനൊരുക്കിയ ബഗ്ഗികള്‍ സര്‍വിസ് നിര്‍ത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാങ്ങിയ ലക്ഷങ്ങള്‍ വില വരുന്ന രണ്ടു ബഗ്ഗികളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. മിഠായിത്തെരുവ് നവീകരിച്ചപ്പോള്‍ ഇവിടത്തേക്കുള്ള ഗതാഗതവും നിരോധിച്ചിരുന്നു. ഇത് ഭിന്നശേഷിയുള്ളവരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. ഇതിനു പരിഹാരമായിട്ടാണ് മധുര സവാരി എന്ന് പേരിട്ട പദ്ധതി മിഠായിത്തെരുവില്‍ ആരംഭിച്ചത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. മിഠായിത്തെരുവിലെത്തുന്ന നൂറു കണക്കിന് ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് ആശ്വാസമായിരുന്ന പദ്ധതിയാണ് അധികൃതരുടെ താല്പര്യക്കുറവ് മൂലം നിലച്ചിരിക്കുന്നത്. തുടക്കത്തില്‍ നല്ല രീതിയില്‍ സര്‍വിസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഡ്രൈവര്‍മാര്‍ക്ക് വേതനം കൊടുക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നു പറഞ്ഞാണ് സര്‍വിസ് നിര്‍ത്തിവച്ചത്.
കുടുംബശ്രീ സംരംഭകരായ ജാന്‍സി ജോസ്, ഷിത രമേഷന്, ഷീന, കെ. രജിത എന്നിവര്‍ക്കായിരുന്നു ബഗ്ഗി സര്‍വിസിന്റെ ചുമതല. വാഹന ഗതാഗതം നിരോധിച്ച മിഠായിത്തെരുവില്‍ ഒരാള്‍ക്ക് 10 രൂപ നിരക്കില്‍ എസ്.കെ പൊറ്റക്കാട് പ്രതിമ മുതല്‍ കമ്മത്ത് ലൈന്‍ വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."