ആനക്കാംപൊയില്‍ ഉരുള്‍പൊട്ടല്‍: 474 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: ആനക്കാംപൊയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായാണു ദുരിതബാധിതര്‍ക്കായി ക്യാംപുകള്‍ ആരംഭിച്ചത്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (11 കുടുബം), മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്‌കൂള്‍ (23), കരിമ്പ് പാരിഷ്ഹാള്‍ (5), ചെമ്പുകടവ് ഗവ. യു.പി സ്‌കൂള്‍ (60), നൂറാംതോട് എ.എല്‍.പി സ്‌കൂള്‍ (20) എന്നിവിടങ്ങളിലാണ് ക്യാംപുകള്‍ ആരംഭിച്ചത്.
അഞ്ച് ക്യാംപുകളിലായി 119 കുടുംബങ്ങളിലെ 474 പേരെയാണു മാറ്റിപ്പാര്‍പ്പിച്ചത്. പുല്ലൂരാംപാറയിലെ 17 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ക്യാംപുകളില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാംപ് അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.
വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണു ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്തു മലവെള്ളപ്പാച്ചിലുണ്ടായത്. തിരുവമ്പാടിയില്‍ മാത്രം 1.75 കോടിയുടെ കൃഷിനാശമുണ്ടായി. 50 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികളാണു പ്രധാനമായും നശിച്ചത്. പറമ്പുകളില്‍ കൂട്ടിയിട്ട തേങ്ങകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കോടഞ്ചേരിയില്‍ വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിലെ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവമ്പാടി പഞ്ചായത്തില്‍ കോടഞ്ചരി തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ടപ്പന്‍ചാല്‍ പാലത്തിന് സമീപം 110 മീറ്റര്‍ റോഡും ആനക്കാംപൊയില്‍കരിമ്പ് റോഡില്‍ അര കിലോമീറ്റര്‍ റോഡും മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.
അതേസമയം ദുരിതബാധിത പ്രദേശങ്ങളില്‍നിന്നുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ക്യാംപുകള്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ, എം.ഐ ഷാനവാസ് എം.പി, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
വിവിധ വകുപ്പുകളുടെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു. വീട് തകര്‍ന്നവരുടെ വീട് പുനര്‍നിര്‍മിക്കാനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ജില്ലാ പട്ടിക വര്‍ഗ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. കൂടാതെ റോഡുകള്‍ പുനര്‍നിര്‍മിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതരോടും ജില്ലാ പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതി വ്യാഴാഴ്ച വൈകിട്ടോടെ പുനഃസ്ഥാപിക്കാനും നാശനഷ്ടങ്ങള്‍ കണക്കാക്കാനും കെ.എസ്.ഇ.ബി അധികൃതര്‍ക്കും, സെപ്റ്റിക് ടാങ്കുകളിലും വെള്ളം കയറിയതിനെ തുടര്‍ന്നു പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ്കുട്ടി, ദുരന്ത നിവാരണസേന ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, കോടഞ്ചരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പൊതുമരാമത്ത്, ജലസേചനം, വില്ലേജ്, കൃഷി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."