വെള്ളക്കെട്ട്: പുറത്തിറങ്ങാനാകാതെ പതിനഞ്ചോളം കുടുംബങ്ങള്‍
പൊന്നാനി: വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാനാകാതെ നഗരസഭയിലെ 44ാം വാര്‍ഡിലെ പതിനഞ്ചോളം കുടുംബങ്ങള്‍. കാന വഴി കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് വെള്ളക്കെട്ടിനിടയാക്കിയത്.
കാലവര്‍ഷം കനത്തതോടെ വീടിന് ചുറ്റും മുട്ടോളം വെള്ളമുയര്‍ന്നും അടുക്കളയില്‍ തീ കത്തിക്കാന്‍ പോലുമാകാതെയും ദുരിതം പേറുകയാണ് കുടുംബങ്ങള്‍. കാന നിര്‍മാണത്തില്‍ സംഭവിച്ച വീഴ്ചയും അനാസ്ഥയുമാണ് ഇവരെ വെള്ളക്കെട്ടിലാക്കാന്‍ ഇടയാക്കിയത്. നായാടി കോളനിക്ക് സമീപത്തെ സ്ഥലങ്ങളില്‍ നിന്നുള്ള മഴവെള്ളം ഇതുവഴിയുള്ള കാന വഴി മുറിഞ്ഞഴി വഴികടലിലേക്കാണ് ഒഴുകിയിരുന്നത്. എന്നാല്‍ മുറിഞ്ഞഴിയില്‍ ഇത്തവണ വെള്ളം ഒഴുകിപ്പോകാന്‍ താല്‍ക്കാലികമായുണ്ടാക്കിയ സംവിധാനം പരാജയപ്പെട്ടതാണ് വെള്ളത്തിന്റെ ഒഴുക്ക് നിലക്കാനിടയായത്.
ഈ ഭാഗത്ത് ഒഴുക്ക് നിലച്ചതോടെ മഴവെള്ളം ചെളിവെള്ളമായി വീടുകള്‍ക്ക് ചുറ്റും കെട്ടി നില്‍ക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് പല തവണ ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."