പരപ്പയിലെ ക്വാറി പ്രശ്നം: സമര സമിതി പ്രവര്‍ത്തകരുടെ വീടിനു മുന്നില്‍ റീത്ത്
ആലക്കോട്: പരപ്പയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും ജനകീയ സമര സമിതി പ്രവര്‍ത്തകരുടെയും വീടിന് മുന്നില്‍ റീത്ത്. ബുധനാഴ്ച രാവിലെയോടെയാണ് നാലു വീടുകളുടെ മുന്നിലും പരപ്പ റബര്‍ ഉല്‍പ്പാദക സഹകരണ സംഘം ഓഫിസിനു മുന്നിലും റീത്ത് പ്രത്യക്ഷപ്പെട്ടത്. പരപ്പ അളുമ്പ് മലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്കെതിരെ സമരം നയിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന മുഖവുരയോടെയുള്ള ലഘു ലേഖയും റീത്തിനൊപ്പം കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി ജോബി ജോസ്, പുള്ളോമ്പറമ്പില് സജി, ജോയ്സ് കാഞ്ഞിരത്തുംമൂട്ടില്‍, വാര്‍ഡ് അംഗം ഫ്രാന്‍സിസ് മ്രാലയില്‍ എന്നിവരുടെ വീടിന് മുന്നിലാണ് റീത്ത് വച്ചത്.
ഏതു തരത്തിലുള്ള സമരങ്ങളെയും ഭീഷണിയെയും ഉന്മൂലനം ചെയ്തു ഞങ്ങളുടെ സ്ഥാപനം ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ഞങ്ങളുടെ സാമ്പത്തിക സഹായം കൈപ്പറ്റി പിന്നില്‍ നിന്ന് കുത്തിയവര്‍ക്കുള്ള താക്കീതാണ് ഇതെന്നും ലഘുലേഖയില്‍ പറയുന്നു. മലബാര്‍ സാന്റ് ആന്റ് സ്റ്റോണ്‍ ക്രഷര്‍ മാനേജ്മെന്റിന്റെയും തൊഴിലാളികളുടെയും പേരിലാണ് ലഘുലേഖ ഇറക്കിയിരിക്കുന്നത്.
ക്വാറി തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യം നിലനില്‍ക്കെ ക്വാറിക്കെതിരെ ജനവികാരം ഉണ്ടാക്കിയെടുക്കാനുള്ള സമര സമിതി നേതാക്കളുടെ തന്ത്രമാണ് റീത്തിനു പിന്നിലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. പ്രദേശത്ത് കരുതികൂട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളാണ് പിന്നിലെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വട്ടമല പറഞ്ഞു. ആലക്കോട് പൊലിസ് സ്ഥലത്തെത്തി റീത്തുകളും ലഘുലേഖകളും നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."