സ്വപ്നങ്ങള്‍ പൂവണിഞ്ഞു; നൗഫിയയും നസ്‌റിയയും സ്‌കൂളിലെത്തി
എടപ്പാള്‍: സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള ഭിന്നശേഷിക്കാരായ സഹോദരിമാര്‍ നൗഫിയയുടെയും നസ്‌റിയയുടെയും സ്വപ്നങ്ങള്‍ പൂവണിഞ്ഞു. ഇരുവരും പുതിയ പാഠപുസ്തകങ്ങളും ബാഗും കുടകളുമായി പൂക്കരത്തറ ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. ഇരുവരെയും അധ്യാപകരും വിദ്യാര്‍ഥികളും ആഘോഷപൂര്‍വം സ്വീകരിച്ചു.
പന്താവൂര്‍ നെല്ലിയാരം പാട്ടില്‍ നൗഫല്‍, ഫൗസിയ ദമ്പതികളുടെ മക്കളായ ഇരുവരും ജന്മനാല്‍ ശാരീരിക വൈകല്യമുള്ളവരാണ്. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതിനാല്‍ കക്കിടിപ്പുറത്തെ വാടകവീട്ടിലെ നാലു ചുമരുകള്‍ക്കുള്ളിലായിരുന്നു അവരുടെ ലോകം. സ്‌കൂളും കളിസ്ഥലവും കൂട്ടുകാരുമെല്ലാം ഈ ചുമരുകളായിരുന്നു. നസ്‌റിയയ്ക്ക് വീല്‍ ചെയറില്‍ ഇരിക്കാം. നൗഫിയയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റതിനാല്‍ എഴുന്നേറ്റിരിക്കാന്‍ പോലുമാവില്ല.
നിറങ്ങളോടും ശില്‍പങ്ങളോടും അടങ്ങാത്ത അഭിനിവേശമുള്ള ഇരുവരും നിര്‍മിച്ച ശില്‍പങ്ങളും വരച്ച ചിത്രങ്ങളും ഒട്ടേറെയാണ്. സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള ഇവരുടെ മോഹം കേട്ടറിഞ്ഞ പൊതുപ്രവര്‍ത്തകനും ഈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ഹഫ്‌സല്‍ ചീരമ്പത്തേലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൂക്കരത്തറ ദാറുല്‍ ഹിദായയില്‍ പ്രവേശനം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയത്.
ഇവര്‍ക്കായി പ്രത്യേക പഠനമുറിയും ഇവരുടെ മുച്ചക്ര വാഹനം സഞ്ചരിക്കാന്‍ കഴിയും വിധം ക്ലാസ് മുറികളില്‍ ആവശ്യമായ മാറ്റങ്ങളും വരുത്തി. ഇവര്‍ക്കായി പ്രത്യേകം അധ്യാപികയേയും നിയമിച്ചു. സ്‌കൂളിലെത്താനുള്ള വാഹനം ഇല്ലാത്തതും വാടകയ്ക്ക് വാഹനം ഏര്‍പ്പെടുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതവരുത്തുമെന്നതും ഇവര്‍ക്ക് പഠനത്തിന് തടസമായിരുന്നു. ഇതോടെ ദാറുല്‍ ഹിദായയയിലെ ദലം യു.എ.ഇ എന്ന സംഘടന ഒരു വര്‍ഷത്തേക്കുള്ള ഇവരുടെ വാഹനത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട്ടെ ഒരു വ്യക്തി 25,000 രൂപയുടെ സഹായവും ഇമ അബുദാബി 50000 രൂപയും ഇവര്‍ക്കായി നല്‍കി.
ഇന്നലെ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ അധ്യാപകര്‍ക്കും പി.ടി.എ പ്രതിനിധികള്‍ക്കുമൊപ്പം ഇമ പ്രതിനിധികളായ അബ്ദുല്‍ജലീല്‍, ഹലീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."