പരിയാരം മെഡിക്കല്‍ കോളജിന്റെ അര ഏക്കറോളം ഭൂമി കൈയേറി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജിന്റെ പിറകു വശത്തായി കെ.എസ.്ഇ.ബി സബ് സ്റ്റേഷന് സമീപം മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ള സ്ഥലത്തില്‍ അര ഏക്കറോളം ഭൂമി കൈയേറിയതായി ആരോപണം. മെഡിക്കല്‍ കോളജ് മാനേജ്‌മെന്റിന്റെ നടപടിക്ക് പ്രാദേശിക സി.പി.എം നേതാക്കള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജ് സ്ഥലം സ്വകാര്യ വ്യക്തി കൈയേറി ചുറ്റുമതില്‍ കെട്ടി റോഡ് താര്‍ ചെയ്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് മൂന്നാര്‍ മോഡല്‍ കൈയേറ്റം അവസാനിപ്പിക്കണമെന്നും മെഡിക്കല്‍ കോളജിന്റെ സ്ഥലം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി, കെ.സി.ഡബ്യു.എഫ് യൂനിയനുകളുടെ നേതൃത്വത്തില്‍ കൈയേറിയ സ്ഥലത്ത് കൊടിനാട്ടി പ്രതിഷേധിച്ചത്.
ഭൂമാഫിയകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ മന്ത്രിക്കു പരാതിയും അയച്ചു. കെ. രാജന്‍, ഒ.വി സീന, പി.ഐ ശ്രീധരന്‍ നേതൃത്വം നല്‍കി. എന്നാല്‍ കൈയേറ്റം മെഡിക്കല്‍ കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഭൂമി അളന്ന് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കത്ത് നല്‍കുമെന്ന് മെഡിക്കല്‍ കോളജ് എം.ഡി കെ.രവി പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളജ് ഭൂമി സ്വകാര്യ വ്യക്തിക്ക് കൈയേറാന്‍ ഭരണ സമിതി മൗനാനുവാദം നല്‍കിയത് അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."