എന്‍.ഡി.എല്‍.എം പദ്ധതിയില്‍ തട്ടിപ്പ് വ്യാപകം
തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ നാഷണല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്റെ(എന്‍.ഡി.എല്‍.എം) ആനുകൂല്യം എത്തുന്നത് അനര്‍ഹരുടെ കൈകളില്‍. അര്‍ഹതാലിസ്റ്റിലുള്ളവര്‍ക്ക് പദ്ധതിയെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലെന്നതാണ് വാസ്തവം. രാജ്യത്ത് സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍വേണ്ടി കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്ന എന്‍.ഡി.എല്‍.എം പദ്ധതിയിലാണ് കമ്പ്യൂട്ടര്‍ പരിജ്ഞാനികള്‍ക്കുമാത്രം പരിശീലനംനല്‍കി സംസ്ഥാനത്ത് ഇടനിലക്കാര്‍ പണംതട്ടുന്നത്.
സംസ്ഥാനത്തെ ചില അക്ഷയാസെന്റര്‍ നടത്തിപ്പുകാരും സി.എസ്.സി(കോമണ്‍ സര്‍വീസ് സെന്റര്‍), വി.എല്‍.ഇ(വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍)മാരുമാണ് ഈ തട്ടിപ്പിനു പിന്നിലെന്നാണ് പ്രാഥമികവിവരം. അംഗന്‍വാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗീകൃത റേഷന്‍ഡീലര്‍മാര്‍ എന്നിവരെ പദ്ധതിയില്‍ പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്കുപകരം ലഭിക്കുന്നതാവട്ടെ വിദ്യാസമ്പന്നര്‍ക്കാണ്.
കംപ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത ലിസ്റ്റില്‍പെട്ട ആളുകളെ കണ്ടെത്തി പരിശീലനംനല്‍കി അവരെക്കൊണ്ട് പരീക്ഷഎഴുതിച്ച് വിജയിപ്പിച്ചെടുക്കണമെന്നാണു പദ്ധതിയില്‍ പ്രത്യേകം പറയുന്നത്. അക്ഷയകേന്ദ്രങ്ങള്‍, സി.എസ്.സി കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വ്യക്തമായ പാഠ്യപദ്ധതിയിലൂടേയും കൃത്യമായ നിരീക്ഷണങ്ങളിലൂടേയും നല്‍കിവരേണ്ട കോഴ്‌സാണിത്. ഇതിന് എസ്.സി വിഭാഗത്തില്‍ ഒരാള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 350 രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. നിരക്ഷരര്‍ക്ക് ദിവസങ്ങള്‍ നല്‍കേണ്ടിവരുന്ന പരിശീലനം ഒഴിവായികിട്ടുകയും കമ്പ്യൂട്ടര്‍പരിജ്ഞാനികളെ പെട്ടെന്ന് പരീക്ഷയ്ക്കിരുത്തി ആളുകളുടെ എണ്ണംവര്‍ദ്ധിപ്പിക്കാമെന്നതുമാണ് ഇത്തരക്കാരെ തെരഞ്ഞെടുക്കാന്‍ കാരണം.
അതേസമയം പദ്ധതിയുടെ ഗുണഭോക്താക്കളായ ആശാവര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും റേഷന്‍ഡീലര്‍മാരും ഈ പദ്ധതിയെക്കുറിച്ച് അറിയുകയോ പരിശീലനം നേടുകയോ ചെയ്യുന്നില്ല. രാജ്യത്ത് 3,36,415 അംഗന്‍വാടി ടീച്ചര്‍മാരും 1,18,887 ആശാവര്‍ക്കര്‍മാരും 30,885 റേഷന്‍ ഡീലര്‍മാരും 84,74,372 ജനറല്‍ വിഭാഗക്കാരും പരിശീലനം നേടിയെന്നാണ് കേന്ദ്രസര്‍ക്കാറിനു ലഭിച്ചവിവരം. എന്നാല്‍ അര്‍ഹരായവരെ തഴഞ്ഞ് തട്ടിപ്പുനടത്തിയതിന്റെ പേരില്‍ ഇതുവരെ 30 ട്രെയിനിങ് പാര്‍ട്ണര്‍മാര്‍, 49 ട്രെയിനിങ് സെന്ററുകള്‍, 69 വി.എല്‍.ഇ എന്നിവരുടെ പേരില്‍ വിവിധയിടങ്ങളില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം വ്യക്തമായ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പിലാക്കുന്ന സെന്ററുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."