ഉമ്മന്‍ചാണ്ടി തെലങ്കാന കോണ്‍ഗ്രസിന്റെ ചുമതലയിലേക്ക് ?
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇനി തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയിലേക്ക്. നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ്ങിനായിരുന്നു തെലങ്കാനയുടെ ചുമതല. അദ്ദേഹത്തെ മാറ്റി പകരം ഉമ്മന്‍ചാണ്ടിയെ പരിഗണിക്കുന്നുവെന്നാണു വിവരം. ഇതു സംബന്ധിച്ച് സോണിയാഗാന്ധി ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനവും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടി തയാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയിലേക്ക് നിയോഗിക്കാന്‍ തീരുമാനിച്ചത്.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് എ.ഐ.സി.സിയുടെ വിലയിരുത്തല്‍. ഇതിന്റെ അതൃപ്തിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലാത്തതും സോണിയയെ ചൊടിപ്പിച്ചിട്ടുണ്ട്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രാ പ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പച്ച തൊടാനായില്ല. ഇതും സോണിയയുടെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ തെലങ്കാനയുടെ ചുമതല ഏല്‍പിക്കാന്‍ പാര്‍ട്ടി ആലോചിയ്ക്കുന്നത്. കേരളത്തില്‍ രണ്ടു തവണ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ പാര്‍ട്ടിയില്‍ ചുമതലകളൊന്നും നല്‍കാതെ മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്നാണ് എ.ഐ.സി.സി നിരീക്ഷണം. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ ചുമതല നല്‍കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."