മേയറുടെ പരാതിയില്‍ സിനിമാ സംവിധായകനെതിരേ കേസ്
കൊച്ചി: മേയര്‍ സൗമിനി ജെയിന് നല്കിയ പരാതിയില്‍ സംവിധായകന് ജൂഡ് ആന്റണി ജോസഫിനെതിരേ കേസ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജൂഡിനെതിരെ സെന്‍ട്രല്‍ പൊലിസ് കേസെടുത്തു.
സ്റ്റേഷനില്‍ ഹാജരാകാനും സംവിധായകനോട് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണു സംഭവം. സിനിമാ ഷൂട്ടിങിന് മറൈന്‍ ഡ്രൈവിന് സമീപത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായാണ് ജൂഡ് മേയറുടെ ഓഫിസിലെത്തിയത്. എന്നാല്‍ പാര്‍ക്ക് വിട്ടുതരാനാകില്ലെന്നു പറഞ്ഞതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയുമായിരുന്നെന്നു മേയറുടെ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ക്കു മേയര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സെന്‍ട്രല്‍ പൊലിസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. കോര്പ്പറേഷന് കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്ന് മേയര്‍ സംവിധായകനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിലാണ് ജൂഡ് ആന്റണി ജോസഫ് മേയറെ ഭീഷണിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."