വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുത്തു
കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു പൊതുമരാമത്തു വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഏറ്റെടുത്താല്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നു ദേശീയ പാത അഥോറിറ്റി വ്യക്തമാക്കിയതോടെയാണു നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ ശ്രീമാല ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി.
മേല്‍പ്പാലങ്ങള്‍ ആരാണു നിര്‍മിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഈ ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചു നല്‍കിയ സ്റ്റേറ്റ്‌മെന്റിലാണു നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നു വ്യക്തമാക്കിയത്. വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാര്‍ച്ച് 16 നു പൊതുമരാമത്തു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ദേശീയ പാത അഥോറിറ്റിയിലെ പ്രൊജക്ട് എന്‍ജിനീയറും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ ഏറെ തിരക്കുള്ള ജങ്ഷനാണു വൈറ്റില. ഇവിടെ മൊബിലിറ്റി ഹബ് ഉള്‍പ്പടെയുള്ള മേഖലകളിലേക്കു ഗതാഗതം സുഗമമാക്കാന്‍ കഴിയുന്ന തരത്തില്‍ മേല്‍പ്പാലം നിര്‍മിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈറ്റിലയിലും കുണ്ടന്നൂരിലും മേല്‍പ്പാലങ്ങള്‍ വരുന്നതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നതിനാല്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും ദേശീയ പാത അഥോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു നിര്‍മാണം നടത്തുമെന്നു യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയിരുന്നുവെന്നു സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ വൈറ്റില മേല്‍പ്പാല നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാന്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
സര്‍ക്കാര്‍ നിര്‍മാണം ഏറ്റെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എന്നു നിര്‍മാണം പൂര്‍ത്തിയാകും, നിര്‍മാണത്തിന്റെ ഷെഡ്യൂള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹരജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."