തേങ്ങയുടെ വിലയിടിവ്; കേരകര്‍ഷകര്‍ ആശങ്കയില്‍
പൂച്ചാക്കല്‍: കേരകൃഷി അവതാളത്തിലായതോടെ കര്‍ഷകര്‍ ആശങ്കയില്‍. തേങ്ങയുടെ വിലയിടിവാണ് കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുന്നത്. കൃഷിഭവന്‍ വഴി പച്ചത്തേങ്ങ സംഭരിച്ചിരുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു.
മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല വില ലഭിച്ചിരുന്നതാണിതിന്. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വന്നതോടെ പച്ചത്തേങ്ങ സംഭരണം നിര്‍ത്തലാക്കി.ഇതേ തുടര്‍ന്ന് കേരകര്‍ഷകര്‍ വലയുകയാണ്. നാളികേര കൃഷിയുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തിയിരിക്കുകയാണ്. നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരും കൃഷിവകുപ്പും ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നു പോലും നടപ്പാകുന്നില്ല. കര്‍ഷകരുടെ കൈകളില്‍ ആനുകൂല്യം നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തില്‍ കൃഷിഭവന്‍ വഴി നാളികേര വികസന സമിതി രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിരുന്നു. . ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്. സമിതിയിലൂടെ ഒട്ടേറെ പദ്ധതികളാണു നടപ്പിലാക്കിയിരുന്നത്.
നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കല്‍, കര്‍ഷകരില്‍ നിന്നും വിത്തു തേങ്ങ സംഭരിക്കല്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണു നടപ്പിലാക്കിയിരുന്നത്. നിലവില്‍ ഏതൊക്കെ പദ്ധതികളുണ്ടെന്നു കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു പോലും നിച്ചയമില്ല. കേരവികസന സമിതി വഴി മഞ്ഞളിപ്പു രോഗം, മണ്ടചീയല്‍, പ്രകൃതി ക്ഷോഭം എന്നിവ മൂലം നശിക്കുന്ന തെങ്ങ് കൃഷി ഉദ്യോഗസ്ഥരുടെ അനുമതിയോടെ കേരസമിതി പ്രവര്‍ത്തകര്‍ കണ്ടെത്തി വെട്ടി മാറ്റിക്കുകയും അതിന് 250 രൂപയും പകരം തെങ്ങിന്‍ തൈ നല്‍കുകയും ചെയ്തിരുന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ തെങ്ങു വളമായി മഗ്‌നീഷ്യം റോക്‌ഫോസ്‌ഫേറ്റ്, യൂറിയ തുടങ്ങിയവ നിശ്ചിത അളവില്‍ കുറഞ്ഞ വിലയ്ക്കു നല്‍കിയിരുന്നു. ചെല്ലി, എലി എന്നിവയെ നിയന്ത്രിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കുന്ന പദ്ധതിയും ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അന്‍പതു ശതമാനം സബ്‌സിഡി നിരക്കില്‍ പമ്പ് സെറ്റ് നല്‍കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്നു. 50 ശതമാനം അല്ലെങ്കില്‍ 3,000 രൂപ എന്നതായിരുന്നു ആനുകൂല്യത്തിന്റെ കണക്ക്.
കേരളമൊട്ടാകെ മണ്ഡരി രോഗം ബാധിച്ച അവസരത്തില്‍ മണ്ഡരി രോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തില്‍ ഒരു തെങ്ങുപോലും ഒഴിവാക്കാതെ കീടനാശിനി പൂര്‍ണമായും സബ്‌സിഡി നിരക്കില്‍ തളിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം നടത്തിയില്ല. നിലവില്‍ ഒട്ടുമിക്ക തെങ്ങും മണ്ഡരി രോഗത്തിന്റെ പിടിയിലാണ്. ഇപ്പോള്‍ ജില്ലയിലാകെ പിടിപെട്ടിരിക്കുന്ന വെള്ളീച്ച രോഗത്തിനെ പ്രതിരോധിക്കാന്‍ പോലും ഒരു നടപടിയുമില്ലാത്ത അവസ്ഥയാണ്.
ഓരോ കൃഷി ഭവനിലും നാളികേര കര്‍ഷകരായ ചെറുപ്പക്കാരെ കണ്ടെത്തി പരിശീലനം നല്‍കി ചെറുകിട സംരംഭം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. നാളികേര ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിനും സ്ഥാപനം തുടങ്ങുന്നതിനും വായ്പയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകാതെ വന്നതോടെ യുവാക്കള്‍ ഇതില്‍ നിന്നു പിന്‍മാറുകയായിരുന്നു. കുട്ടനാട് പാക്കേജില്‍ പെടുത്തി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണു നാളികേര കര്‍ഷകര്‍ക്കായി സ്വാമിനാഥന്‍ കമ്മിഷന്‍ ആസൂത്രണം ചെയ്തിരുന്നത്.പദ്ധതി നിലച്ചതോടെ ഉണ്ടായിരുന്ന പ്രതീക്ഷയും നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."