വരള്‍ച്ചയകറ്റാന്‍ നെല്‍പാടങ്ങളില്‍ വെള്ളം കയറ്റി; ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിച്ചു
ഏറ്റുമാനൂര്‍: കുടിവെള്ളം ക്ഷമ മറികടക്കുന്നതിനായി നെല്‍ പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയത്തത് കര്‍ഷകര്‍ക്ക് വിനയായി. മീനച്ചിലാറിന്റെ തീരത്തായിട്ടും കുടിവെള്ളക്ഷാമം രൂക്ഷമായ പേരൂരിലാണ് സംഭവം.
കിണറുകള്‍ വറ്റിവരണ്ട് കുടിവെള്ളം കിട്ടാക്കനിയായി മാറിയതോടെ പുളിമൂട് കവലയ്ക്ക് സമീപമുള്ള പാലാപ്പുഴ പമ്പ് ഹൗസില്‍ നിന്നു തുരുത്തി പാടശേഖരത്തേക്ക് ജലസേചനം തുടങ്ങി.
പക്ഷെ തൊട്ട് ചേര്‍ന്നുള്ള തെള്ളകം പാടത്ത് വെള്ളം പൊങ്ങിയതോടെ കൊയ്യാറായി നില്‍ക്കുന്ന 140 ഏക്കറോളം സ്ഥലത്തെ കര്‍ഷകര്‍ വെട്ടിലായി. ഇവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവന്ന പമ്പിങ് ഇന്നലെ ഉച്ചയോടെ നിര്‍ത്തി.
തരിശായി കിടക്കുന്ന തുരുത്തിപാടത്ത് വെള്ളം നിറഞ്ഞാല്‍ പേരൂര്‍ പ്രദേശത്തെ കിണറുകളില്‍ ആവശ്യത്തിന് വെള്ളം ലഭ്യമാകും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഏപ്രില്‍, മെയ് മാസങ്ങളില്‍ എല്ലാ വര്‍ഷവും മീനച്ചിലാറ്റില്‍ നിന്നും പാടത്തേക്ക് വെള്ളം പമ്പ് ചെയ്യാന്‍ തീരമാനമായത്. കഴിഞ്ഞ അഞ്ച് ദിവസമായി എട്ട് മണിക്കൂര്‍ വീതമാണ് വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാല്‍ തുരുത്തിപാടം നിറഞ്ഞ് വെള്ളം തെള്ളകം പാടശേഖരത്തിലേക്ക് ഒഴുകി തുടങ്ങിയതാണ് വിനയായത്. രണ്ട് പാടശേഖരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കരിമ്പനം തോട്ടിലൂടെയാണ് വെള്ളം തെള്ളകം പാടത്തെത്തിയത്.
കരിമ്പനം തോട്ടിലൂടെ വെള്ളം ഒഴുകി പോകാതെ തടയണ നിര്‍മിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അമ്പതിലധികം ഏക്കറിലെ കൊയ്യാറായ നെല്ല് ഇപ്പോള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. എന്നാല്‍ തടയണ നിര്‍മിക്കാനുള്ള ഫണ്ട് ലഭ്യമല്ല എന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളത്തിനുവേണ്ടി വലയുന്ന നാട്ടുകാരും വെള്ളം വിനയായി മാറിയ കര്‍ഷകരും തമ്മിലുള്ള സമരത്തിലേക്കാണ് ഈ സംഭവം ചെന്നെത്തിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."