ലൈഫ്: 64 വീടുകള്‍ പൂര്‍ത്തീകരിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത്
അടിമാലി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 71 വീടുകളില്‍ 64 വീടുകളും പൂര്‍ത്തികരിച്ച് അടിമാലി ബ്ലോക്ക് പഞ്ചായത്ത്. മുന്‍ക്കാലങ്ങളില്‍ വിവിധ പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം ആരംഭിച്ചിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാതെ വന്ന ഭവനങ്ങളുടെ പൂര്‍ത്തികരണമാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്നത്. ശേഷിക്കുന്ന ഏഴ് വീടുകള്‍കൂടി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതോടെ ഒന്നാംഘട്ടത്തില്‍ നൂറുശതമാനം വീടുകളും പൂര്‍ത്തിയാക്കിയെന്ന നേട്ടത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് എത്തും.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന വെള്ളത്തൂവല്‍, കൊന്നത്തടി, ബൈസണ്‍വാലി, പള്ളിവാസല്‍, അടിമാലി എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് വീടുകള്‍ അനുവദിച്ചത് .അടിമാലി ഗ്രാമപഞ്ചായത്തിനായി അനുവദിച്ച 42 വീടുകളില്‍ 40 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. പള്ളിവാസല്‍ പഞ്ചായത്തില്‍ 16 വീടുകളുടെ നിര്‍മ്മാണമാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തത്. ഇതില്‍ പതിനൊന്നെണ്ണവും പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലുമാണ്. വെള്ളത്തൂവലില്‍ മൂന്നും ബൈസണ്‍വാലിയില്‍ രണ്ടും, കൊന്നത്തടി പഞ്ചായത്തില്‍ എട്ടും വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
ലൈഫ് പദ്ധതിക്കായി ആകെ 1,37,66000 കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. വിവിധ ഘട്ടങ്ങളിലായി അതത് പഞ്ചായത്തുകളില്‍ നിന്ന്് ശേഖരിച്ച ഉപഭോക്തൃ ലിസ്റ്റില്‍ നിന്നാണ് അര്‍ഹരായവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. അര്‍ഹരായവരെ കണ്ടെത്തുന്നതിനും വീടുകളുടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അടിമാലി ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസര്‍ പ്രവീണ്‍വാസു, ജോയിന്റ് ബി ഡി ഒ പി കെ ശ്യാമള, ലൈഫ് പദ്ധതിയുടെ ചുമതലയുള്ള ജയ കെ ആര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിവരശേഖരണം നടത്തിയത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ 71 പേരെ ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തിയത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ലൈഫ് പദ്ധതിക്കാനുപാതികമായ തുകയാണ് വീടുകളുടെ പൂര്‍ത്തികരണത്തിനായി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍, വൈസ് പ്രസിഡന്റ് മോളി പീറ്റര്‍, വിസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ പ്രസാദ് തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ലൈഫ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തികരണത്തിന് നേതൃത്വം നല്‍കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."