കസ്തൂരിരംഗന്‍: ജില്ലയിലെ 23 വില്ലേജുകള്‍ ഇ.എസ്.എയില്‍ നിന്നും ഒഴിവാക്കി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ നിന്നും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന 47 വില്ലേജുകളില്‍ 23 വില്ലേജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു.
ഇന്നലെ മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ റിപ്പോര്‍ട്ടനുസരിച്ച് വനപ്രദേശം ഉള്‍പ്പെടുന്ന 24 വില്ലേജുകളില്‍ മാത്രമാണ് ഇ.എസ്.എ ഉള്‍പ്പെടുന്നത്. ഇടുക്കിയലെ കൃഷി തോട്ടം ജനവാസ മേഖലകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇനി കേന്ദ്രത്തിന് നല്‍കുന്നത്. ദേവികുളം താലൂക്കിലെ ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവല്‍ വില്ലേജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. പീരുമേട് താലൂക്കിലെ കൊക്കയാര്‍, പീരുമേട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ അറക്കുളം വില്ലേജും ഒഴിവാക്കപ്പെട്ടു.
ഉടുമ്പന്‍ചോല താലൂക്കിലെ അണക്കര, ആനവിലാസം, ചതുരംഗപ്പാറ, ചക്കുപ്പള്ളം, കല്‍ക്കൂന്തല്‍, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, രാജാക്കാട് , രാജകുമാരി, ശാന്തമ്പാറ, ഉടുമ്പന്‍ചോല, വണ്ടന്മേട്, ഇടുക്കി താലൂക്കിലെ കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി, വില്ലേജുകളുമാണ് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടത്. ജില്ലയിലെ വനപ്രദേശം മാത്രമുള്ള 1824. 43 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇ.എസ്.എ യില്‍ ഉള്‍പ്പെടുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി നല്‍കുന്ന ഈ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടുന്നതോടെ ഇടുക്കിയിലെ തോട്ടം കൃഷി ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും ഇ.എസ്.എ യില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും കൃഷി, തോട്ടം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുന്നതിനായി തയ്യാറാക്കിയ അന്തിമ ഭൂപടവും റിപ്പോര്‍ട്ടുമാണ് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചത്. കേരളത്തിലെ പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഉയര്‍ത്തുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. 2014 മാര്‍ച്ച് 10 ന് എസ്.ഒ 733 എഫ് നമ്പരായി പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് മന്ത്രിസഭാ തീരുമാനം അനുസരിച്ച് 92 ആയി ചുരുക്കി.
വനത്തിനുള്ളില്‍ മാത്രം ഇ.എസ്.എ നിജപ്പെടുത്തി മറ്റ് മേഖലകളെ ഒഴിവാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് 31 വില്ലേജുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടത്. കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതിലോല മേഖലയുടെ ആകെ വിസ്തീര്‍ണ്ണം 9993.7 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശവും 886 ചതുരശ്ര കിലോമീറ്റര്‍ വനമല്ലാത്ത ഭൂപ്രദേശവും ആയിരുന്നു.
ഗ്രൗണ്ട് ട്രൂത്തിംങ്ങ് നടത്തി പുതിയതായി തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ ഇ.എസ്.എ വിസ്തീര്‍ണ്ണം 8656.46 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇ.എസ്.എ വിസ്തീര്‍ണ്ണത്തില്‍ 1337.24 ചതുരശ്ര കിലോമീറ്ററിന്റെ കുറവുണ്ടാകുകയും വില്ലേജുകളുടെ എണ്ണം 92 ആയി കുറയുകയും ചെയ്തു എന്നതാണ് പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."