കെ.എസ്.ഇ.ബിക്കും കസ്റ്റംസിനും കിരീടം
കൊച്ചി: ചാംപ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം കിരീടം കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസിന്. വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി ടീം ജേതാക്കളായി.
ആലുവ കാര്‍മല്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഫൈനലില്‍ തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജിനെ 80-64 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് കസ്റ്റംസ് ടീം കിരീടം നിലനിര്‍ത്തിയത്. 32 പോയിന്റുകള്‍ നേടി ഷിനു അഗസ്റ്റിന് ചാംപ്യന്മാരുടെ ടോപ് സ്കോററായി. കേരള വര്‍മ്മയ്ക്കായി മുഹമ്മദ് ഷിറാസ് 21 പോയിന്റുകള്‍ നേടി. വനിതാ ഫൈനലില്‍ 41-39 എന്ന സ്കോറിന് കേരള പൊലിസിനെയാണ് കെ.എസ്.ഇ.ബി തോല്‍പ്പിച്ചത്. ഇടവേള സമയത്ത് 24-28ന് പിന്നില്‍ നിന്ന ശേഷമായിരുന്നു കെ.എസ്.ഇ.ബിയുടെ തിരിച്ചുവരവ്. കെ.എസ്.ഇ.ബിയ്ക്കായി അഞ്ജന പി.ജി 16 പോയിന്റുകള്‍ നേടിയപ്പോള്‍ കേരള പൊലിസിനായി പൂജാമോള്‍ 12 പോയിന്റുകള്‍ ബാസ്കറ്റിലാക്കി. വിജയികള്‍ക്ക് അര്‍ജുന അവാര്‍ഡ് ജേതാവ് ഗീതു അന്ന രാഹുല്‍, ജി.സി.ഡി.എ ചെയര്മാന് വി. സലീം എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."