സഊദികളുടെ ഇന്ത്യ സന്ദര്‍ശനം; ഇലക്ട്രോണിക് വിസ സംവിധാനത്തിലേക്ക്
#നിസാര്‍ കലയത്ത്
ജിദ്ദ: ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി സഊദി പൗരന്‍മാര്‍ക്ക് ഇലക്ട്രോണിക് വിസ നടപ്പാക്കാനൊരുങ്ങുന്നു. നിലവിലെ ബയോമെട്രിക് വിസ സമ്പ്രദായം അവസാനിപ്പിച്ചാണ് പുതിയ സംവിധാനത്തിന് തുടക്കമാവുന്നത്. സഊദി കിരീടാവകാശിയുടെ ഇന്ത്യ സന്ദര്‍ശന വേളയിലുണ്ടായ ധാരണ പ്രകാരമാണ് പുതിയ നടപടി. സഊദിയില്‍ ഇന്ത്യന്‍ വിസ ഇഷ്യൂ ചെയ്യുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്ത് വിസ നേടുന്ന രീതിയാണ് നിലവിലുള്ളത്. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള സ്വദേശികള്‍ക്ക് ഇത് ഏറെ പ്രയാസകരമാണ്. ബയോമെട്രിക് വിസ സമ്പ്രദായം പിന്‍വലിക്കണമെന്ന് ടൂറിസം വകുപ്പും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യാ സന്ദര്‍ശന വേളയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇലക്ട്രോണിക് വിസ സംവിധാനത്തെ കുറിച്ച് ധാരണയിലെത്തിയിരുന്നു. പുതിയ സംവിധാനം ഉടനെ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സഊദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. നിലവില്‍ 150ലധികം രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്.
പുതിയ മാറ്റം പ്രാവര്‍ത്തികമാകുന്നതോടെ ഇടനിലക്കാരോ ഏജന്റുമാരോ ഇല്ലാതെ തന്നെ വിസ നേടാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."