രാജാസ് ഹോസ്റ്റല്‍ ഇനി ഓര്മ
നീലേശ്വരം: നീലേശ്വരം രാജവംശത്തിന്റെ കൈവശമുള്ള രാജാസ് ഹോസ്റ്റല്‍ ഇനി ഓര്മ മാത്രം. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വില്ക്കാന് രാജകുടുംബം തീരുമാനിച്ചതോടെയാണിത്. ഹോസ്റ്റലിന്റെ ഭാഗങ്ങള്‍ പൊളിച്ചു നീക്കാനും തുടങ്ങിയിട്ടുണ്ട്. പഴയ കാലത്ത് ദക്ഷിണ കാനറ മുതല്‍ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളില്‍ നിന്നു രാജാസില്‍ പഠിക്കാനെത്തിയവര്‍ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. 'ചിരസ്മരണ'യുടെ കര്‍ത്താവും കന്നട എഴുത്തുകാരനുമായിരുന്ന നിരഞ്ജന ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇവിടെ താമസിച്ചാണു പഠനം നടത്തിയത്.
മഹാകവി കുട്ടമത്ത്, മഹാകവി പി കുഞ്ഞിരാമന് നായര്‍, വിദ്വാന് പി കേളുനായര്‍ എന്നിവരും ഇവിടെ താമസിച്ചിരുന്നു. വിദ്യാലയങ്ങളുടെ എണ്ണം കൂടിയതോടെ ഹോസ്റ്റലും ആര്‍ക്കും വേണ്ടാതായി. പിന്നീട് ഇവിടെ ചിത്രകലാ വിദ്യാലയം, ആര്‍ട്ടിസ്റ്റ് തൊഴില്‍ വിഭാഗം, സംഗീതപഠന ക്ലാസുകള്‍, ഹോസ്റ്റല്‍ വാര്‍ഡന്റെ കെട്ടിടത്തില്‍ പാല് സൊസൈറ്റി എന്നിവയും പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
പഴക്കത്തെത്തുടര്ന്നു കെട്ടിടം പൊളിഞ്ഞു വീഴാന്‍ തുടങ്ങിയതോടെയാണ് രാജകുടുംബം സ്ഥലം വില്ക്കാന് തീരുമാനിച്ചത്. ഒരുകൂട്ടം സ്വകാര്യ വ്യക്തികളാണ് ഇതു വിലയ്ക്കു വാങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."