കാട്ടുതീ: അഗ്നിക്കിരയായത് 119.7 ഹെക്ടര്‍ വനഭൂമി
കല്‍പ്പറ്റ: കഴിഞ്ഞദിവസങ്ങളിലുണ്ടായ കാട്ടുതീയില്‍ ജില്ലയില്‍ മൂന്നു ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം.
വയനാട് വന്യജീവി സങ്കേതത്തില്‍ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചിടങ്ങളിലായി 6.6 ഹെക്ടറാണ് കത്തിനശിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബന്ദിപ്പൂര്‍, മുതുമല ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. ഇതു വയനാട്ടിലെത്തുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ച് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കാടിനു തീയിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. അടിയന്തര ഘട്ടങ്ങളില്‍ വ്യോമസേനയുടെ സഹായം തേടും. റോഡ് സൗകര്യമുള്ള പ്രദേശങ്ങളില്‍ വനംവകുപ്പിനെ സഹായിക്കാന്‍ അഗ്നിശമനസേന സജ്ജമാണ്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയര്‍ ജാക്കറ്റുകള്‍ വനംവകുപ്പിന് ലഭ്യമാക്കും. പ്രശ്‌നബാധിത മേഖലകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചതായും വന്യജീവി സങ്കേതത്തില്‍ ആവശ്യമെങ്കില്‍ വൊളന്റിയര്‍മാരുടെ സഹായം തേടുമെന്നും വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി സംഘര്‍ഷമുണ്ടാവുന്ന പ്രദേശങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. കുറിച്യാട് റെയ്ഞ്ചില്‍ കാടിന് തീപിടിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് പൊലിസിന് കൈമാറി. ഇതിന്മേലുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വനം വകുപ്പിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തും. കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതലെടുക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പൊലിസ് സൂപ്രണ്ട് ആര്‍. കറുപ്പസാമി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി സാജന്‍, ഡി.എഫ്.ഒമാരായ പി. രഞ്ജിത്കുമാര്‍, ആര്‍. കീര്‍ത്തി, സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ. ഷജ്‌ന, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാട്ടുതീ അടിയന്തര പ്രതികരണ കേന്ദ്രത്തിലേക്ക് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍: 04936 204151, 1077.
കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്
കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വനങ്ങളില്‍ തീ പടര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി വനം-വന്യജീവി വകുപ്പ്.
വടക്കേ വയനാട് വനം ഡിവിഷനിലെ ബാണാസുര മലയിലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിലെ വടക്കനാട് വനത്തിലെ ഒമ്പത് സ്ഥലങ്ങളിലുമാണ് ഇക്കഴിഞ്ഞ 20ന് ശേഷം തീപിടിത്തം ഉണ്ടായത്.
ഈ സ്ഥലങ്ങളിലെല്ലാം സാമൂഹിക വിരുദ്ധര്‍ വനത്തിനു ആസൂത്രിതമായി തീ വയ്ക്കുകയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കാടിന് തീയിട്ട സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും വന നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും വനം വകുപ്പ് തീരുമാനം. പൊലിസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റേതടക്കം സഹകരണമുള്‍പ്പെടെ തേടിയാകും അന്വേഷണം. വനത്തില്‍ സുപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.
അണയാതെ ബാണാസുര മല
പടിഞ്ഞാറത്തറ: ബാണാസുര മലയിലെ കാട്ടുതീ ശമനമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെ ആരംഭിച്ച തീ പിടിത്തം നിലവില്‍ പൂര്‍ണമായും അണഞ്ഞിട്ടില്ല.
മലയുടെ ഭൂരിഭാഗവും കത്തിയതിന് ശേഷം സമീപ ഭാഗങ്ങളിലേക്കും തീ പടര്‍ന്നു പിടിക്കുകയാണ്. ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് ഇതിനോടകം കത്തിനശിച്ചത്. കഴിഞ്ഞ ദിവസം കാറ്റുകുന്ന് കുറ്റിയാംവയല്‍ ഭാഗത്താണ് തീ പിടിത്തമുണ്ടായത്. ജനവാസ കേന്ദ്രമായ കുറ്റിയാംവയല്‍ ഭാഗത്ത് തീ പടര്‍ന്നത് ഏറെ ആശങ്കക്കിടയാക്കിയിരുന്നെങ്കിവും പ്രദേശ വാസികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വനം വകുപ്പ് ഇടപെട്ടതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പിടിക്കുന്നതിനെ ഒരളവോളം ഫലം കണ്ടു. എന്നാല്‍ മലയിലെ ശക്തമായ കാറ്റ് തീപിടുത്തം മറ്റ് സ്ഥലങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നുണ്ട്. ഇത് വനപാലകരെ ഏറെ കുഴക്കുകയാണ്. വനപാലകരും നാട്ടുകാരും തീ അണക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. പല സ്ഥലങ്ങളിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. ആശ്വാസ വാക്കുകളുമായി വനം വകുപ്പും ഉദ്യോഗസ്ഥരും എത്തുന്നുണ്ടെങ്കിലും ആശങ്കയോടെയാണ് കാപ്പികളം, കുറ്റിയാംവയല്‍ പ്രദേശവാസികള്‍ കഴിയുന്നത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ വെള്ളമുണ്ട വാളാരം കുന്ന് മലയില്‍ നിന്നും തുടങ്ങിയ തീ സൗത്ത് വയനാട് ഡിവിഷനിലെ കല്‍പ്പറ്റ സെക്ഷന് കീഴിലുള്ള ഭാഗങ്ങളിലാണ് ആളിപ്പടര്‍ന്നത്.
കുറ്റിയാംവയല്‍, കാപ്പിക്കളം മലകളുടെ മുകള്‍ ഭാഗങ്ങള്‍ പൂര്‍ണമായും തീ വിഴുങ്ങിയിരുന്നു. ഒരു വിധത്തിലും തീയണക്കാന്‍ കഴിയാത്തവിധമായിരുന്നു മലയില്‍ തീപടര്‍ന്നത്. ഇതിനിടെ കുറ്റിയാംവയല്‍ ഭാഗത്ത് സ്വകാര്യതോട്ടങ്ങള്‍ക്ക് അതിരിലൂടെയും തീ കത്തിയിരുന്നു. എന്നാല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സ് യൂനിറ്റും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് തീപടരുന്നത് തടഞ്ഞത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശക്തമായ കാട്ടുതീയാണ് ഇപ്രാവശ്യം ബാണാസരുമലയിലുണ്ടായത്. ആഞ്ഞുവീശുന്ന കാറ്റ് കാരണം തീകൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."