തലക്ക് വെടിയേറ്റ് രണ്ട് മാസത്തോളം കോമയില്‍; സൈനികന്‍ ജീവിതത്തിലേക്ക്
ന്യൂഡല്‍ഹി:ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത് വെടിയുണ്ടകളേറ്റുവാങ്ങി രണ്ടുമാസത്തോളം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ സി.ആര്‍.പി.എഫ് കമാന്‍ഡന്റ് ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 14ന് കശ്മിരിലെ ബന്ദിപ്പോറയില്‍ നടന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ചേതന്‍ ചീറ്റയെന്ന സൈനികന്‍ ഒന്‍പത് വെടിയുണ്ടകളേറ്റ് വീണത്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട വെടിവയ്പില്‍ അഞ്ച് സൈനിക ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
കശ്മിരിലെ ഹാജിന്‍ ഗ്രാമത്തില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ജമ്മു പൊലിസും സി.ആര്‍.പി.എഫും ചേര്‍ന്ന് ഏറ്റുമുട്ടലിന് പദ്ധതിയിട്ടത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് വീണിട്ടും ലഷ്‌കറെ ത്വയ്ബ ഭീകരനായ അബുമുസൈബിനെ വെടിവച്ചുകൊല്ലാന്‍ ചേതനായി.
തലക്കും കാലിനും ഇരുകണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു. തലയില്‍ നിന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്‌തെങ്കിലും ഒരു കണ്ണ് നഷ്ടപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം രണ്ട് മാസത്തോളം കോമയിലായിരുന്നു. വിദഗ്ധ ചികിത്സയാണ് ചേതന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കാരണമായത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കാരണം ഡോക്ടര്‍മാരുടെ അതീവ ശ്രദ്ധയോടെയുള്ള ചികിത്സയും അതിനുപുറമെ ചേതന്റെ മനക്കരുത്തുമാണെന്ന് ഭാര്യ ഉമ സിങ് പറഞ്ഞു.
അദ്ദേഹത്തെയോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ആശുപത്രിയില്‍ ചേതനെ സന്ദര്‍ശിച്ച ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് കോമയില്‍നിന്നെഴുന്നേറ്റ ചേതന്‍ ചീറ്റ ആഭ്യന്തര സഹമന്ത്രിയോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."