പ്ലാച്ചിമട ട്രൈബ്യൂനല്‍ ബില്ലിന് നിയമവകുപ്പിന്റെ ഉടക്ക്
പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി വരുത്തിവച്ച നാശനഷ്ടങ്ങള്‍ വിശദമായി പഠിച്ചു ഇരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാനായി നിയമസഭ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂനല്‍ ബില്ലിന് നിയമ വകുപ്പിന്റെ ഉടക്ക്. രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ച ബില്‍ തിരിച്ചയച്ചിരുന്നു.
ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും മന്ത്രി എ.കെ ബാലന്‍ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് ബില്‍ കേന്ദ്ര ഹരിത ട്രൈബ്യൂനലിന് അയച്ചുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
സംസ്ഥാന വിഷയങ്ങളില്‍ മാത്രം ഊന്നി തയാറാക്കിയിട്ടുള്ള ബില്‍ കേരളത്തില്‍ തന്നെ പാസാക്കി ട്രൈബ്യൂനല്‍ രൂപവല്‍ക്കരിക്കാന്‍ കഴിയുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഹരിത ട്രൈബ്യൂനലില്‍ കേസിന് പോയാല്‍ കൊക്കക്കോള എതിര്‍കക്ഷിയായി എത്തുമെന്നും നിയമ വിദഗ്ധര്‍ പറയുന്നു.
ഹരിത ട്രൈബ്യൂനല്‍ കേസ് തള്ളിയാല്‍ ബില്‍ നിയമമാക്കാന്‍ കേരളത്തില്‍ തന്നെ തിരിച്ചെത്തും. ഇതോടെ ട്രൈബ്യൂനല്‍ രൂപീകരണ നടപടികള്‍ വൈകും.
2010ല്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന കെ.ജയകുമാര്‍ ചെയര്‍മാനായിരുന്ന കമ്മിറ്റി പ്ലാച്ചിമടയിലെത്തി പഠനം നടത്തുകയും 216.26 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഭാ ഐകകണ്‌ഠ്യേന അംഗീകരിച്ചു പ്ലാച്ചിമട ട്രൈബ്യൂനല്‍ ബില്‍ നിയമമാക്കാന്‍ രാഷ്ട്രപതിക്കയച്ചു.
എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സോളിസിറ്റര്‍ ജനറല്‍ നിയമതടസങ്ങള്‍ ഉന്നയിച്ചു ഹരിത ട്രൈബ്യൂനലിനെ സമീപിക്കാനാവശ്യപ്പെട്ട് ബില്‍ തിരിച്ചയച്ചു.
ചെറിയ ഭേദഗതിയോടെബില്‍ നിയമസഭയില്‍ പാസാക്കിയെടുക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിലാണ് നിയമവകുപ്പ് ബില്‍ പാസാക്കാന്‍ നിയമ തടസമുന്നയിക്കുകയും ഹരിത ട്രൈബ്യൂനലിനു വിടാന്‍ നീക്കം നടത്തുകയും ചെയ്യുന്നത്. നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ നിയമസഭയില്‍ പ്ലാച്ചിമട ട്രൈബ്യൂനല്‍ ബില്‍ പാസാക്കാന്‍ കഴിയുകയുള്ളൂ.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്ലാച്ചിമടക്കാര്‍ ട്രൈബ്യൂനലിനുവേണ്ടി സമരത്തിലാണ്. പ്ലാച്ചിമട കോളവിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും ഈമാസം 22മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ബില്‍ പാസാക്കി ഇരകള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുക, കൊക്കക്കോള കമ്പനിക്കെതിരേ പട്ടികവര്‍ഗ നിയമപ്രകാരം മീനാക്ഷിപുരം പൊലിസ് ചാര്‍ജ് ചെയ്തകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."