സ്പിന്നിങ് മില്‍ തൊഴിലാളികള്‍ ആത്മഹത്യാ ശ്രമം നടത്തി
ചാത്തന്നൂര്‍: അടഞ്ഞുകിടക്കുന്ന കാരംകോട് സഹകരണ സ്പിന്നിങ് മില്ലിലെ തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി.
കഴിഞ്ഞ അഞ്ചു മാസമായി ലേ ഓഫ് ചെയ്തിരിക്കുന്ന മില്ലില്‍ മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് ലേ ഓഫ് അലവന്‍സ് പോലും നല്‍കുന്നില്ല. മില്‍ നവീകരണത്തിന്റെ പേരിലാണ് മാസങ്ങളായി ലേ ഓഫ്. എന്നാല്‍ മില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. 260 ഓളം തൊഴിലാളികളും 40 ഓളം ജീവനക്കാരും ശമ്പളം കിട്ടാത്തതിനാല്‍ ദുരിതാവസ്ഥയിലാണ്. ഇന്നലെ രാവിലെ ഏഴരയോടെ ഏഴ് തൊഴിലാളികളാണ് മണ്ണെണ്ണയുമായി മില്ലിന്റെ കെട്ടിടത്തിന് മുകളില്‍ കയറിയത്. ഇതില്‍ ബാബു,രാജേഷ് എന്നിവര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു.അനീഷ്, ലാല്‍, പ്രദീഷ്, സാബു ചാക്കോ, ശിവശങ്കരപിള്ള എന്നിവരും കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു. തൊഴിലാളി യൂനിയന്‍ നേതാക്കള്‍ വിലക്കിയിട്ടും ഇവര്‍ ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്മാറാന്‍ തയാറായില്ല.
പട്ടിണികിടന്നു മടുത്തു മരിക്കുകയല്ലാതെ ഇനി വേറെ വഴിയില്ലെന്നും കഴിഞ്ഞ കുറെ മാസങ്ങളായി തൊഴിലില്ലാതെ കുടുംബം പട്ടിണിയിലായി ആത്മഹത്യ ചെയ്യാന്‍ കയറിയ പേരൂര്‍ സ്വദേശി ബാബുവിന്റെ വാക്കുകളാണിത്. ബാബു എന്ന തൊഴിലാളി മണ്ണെണ്ണയുമായി മില്ലിന് മുകളിലേക്ക് കയറി.
തുടര്‍ന്ന് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പട്ടി കൈയില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് മറ്റു തൊഴിലാളികളും നാട്ടുകാരും സ്ഥലത്ത് എത്തി ബാബുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ മറ്റു തോഴിലാളികളും മുകളില്‍ കയറി ഡോര്‍ ലോക്ക് ചെയ്തു മുദ്രാവാക്യം വിളിയുമായി നിലയുറപ്പിച്ചു. ചാത്തന്നൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പൊലിസും പരവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ മില്‍ ചെയര്‍മാനെയും എം.ഡിയുമായി ബന്ധപെട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ എ.സി.പിയുടെ ശ്രമഫലമായി 9.45 ഓടെ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ രേഖ സ്ഥലത്ത് എത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ചു 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന തീരുമാനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ താഴെയിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."