പുറത്താക്കലിനു പിന്നാലെ ബ്രസീലില്‍ രാജിയും , പ്രസിഡന്റ് ബോല്‍സനാരോയെ വിമര്‍ശിച്ച് നിയമമന്ത്രി രാജിവച്ചു
ബ്രസീലിയ: കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ ബ്രസീലില്‍ ഭരണതലപ്പത്തും പ്രതിസന്ധി ഉടലെടുക്കുന്നു. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളിലുള്ള അഭിപ്രായവ്യത്യാസം കാരണം ആരോഗ്യമന്ത്രിയായിരുന്ന ലൂയിസ് ഹെന്റിക് മണ്ഡേറ്റയെ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോ പുറത്താക്കിയതിനു പിന്നാലെ, നിയമമന്ത്രിയും ജഡ്ജിയുമായ സെര്‍ജിയോ മോറോ കഴിഞ്ഞ ദിവസം രാജിവച്ചു. പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നുതന്നെയാണ് ഇദ്ദേഹവും മന്ത്രിസഭ വിട്ടിരിക്കുന്നത്. പ്രമാദമായ അഴിമതിക്കേസുകളില്‍ പ്രസിഡന്റ് ബോല്‍സനാരോ ഇടപെടുന്നെന്ന് ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബ്രസീല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടുകയും ബോല്‍സനാരോ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ബോല്‍സനാരോയ്ക്കു താല്‍പര്യമുള്ളയാളെ ഇന്റലിജന്‍സ് തലപ്പത്തേക്കു കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും സെര്‍ജിയോ മോറോ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ അഴിമതിക്കെതിരായ അന്വേഷണങ്ങളിലടക്കം പ്രസിഡന്റ് അനാവശ്യമായി കൈകടത്തുകയാണെന്നാരോപിച്ചാണ് മോറോയുടെ രാജി.
ബ്രസീലില്‍ അഴിമതിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിനടക്കം വലിയ ജനസമ്മിതിയുള്ള നേതാവാണ് സെര്‍ജിയോ മോറോ. ഇദ്ദേഹത്തിന്റെ രാജി പ്രസിഡന്റ് ബോല്‍സനാരോയ്ക്ക് വലിയ തിരിച്ചടിയാണ്. ഇതോടെ മുന്‍ പ്രസിഡന്റ് ഫെര്‍ണാണ്ടോ ഹെന്റിക് അടക്കം ബോല്‍സനാരോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ബ്രസീല്‍ ആരോഗ്യമന്ത്രിയായിരുന്ന ലൂയിസ് ഹെന്റിക് മണ്ഡേറ്റയെ പ്രസിഡന്റ് പുറത്താക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയതിനായിരുന്നു ഇത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും രാജ്യാതിര്‍ത്തി തുറക്കാനും നിര്‍ദേശിച്ചിരുന്ന ബോല്‍സനാരോ, കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ക്കെതിരായ പരസ്യപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊവിഡിനെ നിസാരമായായിരുന്നു ബോല്‍സനാരോ കണ്ടിരുന്നതും പ്രതികരിച്ചിരുന്നതും. കൊവിഡ് ബാധിച്ച് ബ്രസീലില്‍ ഇതുവരെ മൂവായിരത്തി എണ്ണൂറോളം പേര്‍ മരിക്കുകയും അര ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."