കരുതലോടെ നീങ്ങാനുറച്ച് എ, ഐ ഗ്രൂപ്പുകള്‍; സുധീരനെ അവഗണിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പോരില്‍ കരുതലോടെ നീങ്ങാന്‍ എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഇക്കാര്യത്തില്‍ എ.ഐ.സി.സി ജന. സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ധാരണയിലെത്തിയതായാണ് വിവരം. വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ കരുതലോടെ ശത്രുപക്ഷത്തെ ഒതുക്കുക എന്ന തന്ത്രമായിരിക്കും ഇരു ഗ്രൂപ്പുകളും സംയുക്തമായി നടപ്പാക്കുക.
വി.എം സുധീരന്റെ ആരോപണങ്ങളെ അവഗണിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്താനാണ് ഗ്രൂപ്പുകളുടെ തീരുമാനം. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരേ സുധീരന്‍ നടത്തിയ കടന്നാക്രമണത്തെ പാര്‍ട്ടി അച്ചടക്കത്തിന്റെ പേരു പറഞ്ഞാണ് നേതാക്കള്‍ അവഗണിക്കുന്നത്.
പരസ്യപ്രസ്താവന പാര്‍ട്ടി വിലക്കിയ സാഹചര്യത്തില്‍ താന്‍ സുധീരനെതിരേ ഒന്നും പറയുന്നില്ലെന്ന് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളില്‍നിന്ന് ചെന്നിത്തല ഒഴിഞ്ഞുമാറിയതും പാര്‍ട്ടി അച്ചടക്കം പറഞ്ഞാണ്.
സുധീരനെ അവഗണിക്കുന്നതിനോടൊപ്പം തങ്ങളുടെ ഭാഗത്തുനിന്ന് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടേണ്ടതില്ലെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. തന്റെ പ്രസ്താവനകള്‍ക്ക് ആരെങ്കിലും മറുപടി പറഞ്ഞാല്‍ അതിന് മറുപടി പയാന്‍ വീണ്ടും സുധീരന്‍ തയാറാകുമെന്ന് നേതാക്കള്‍ക്കുറപ്പുണ്ട്. ഇത് പോരു കൂടുതല്‍ രൂക്ഷമാക്കും. കൂടാതെ ഹൈക്കമാന്‍ഡ് കേരളത്തിലെ തര്‍ക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മൗനം പാലിക്കാനും ഒപ്പം സുധീരന്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുന്ന നേതാവാണെന്നു വരുത്തിത്തീര്‍ക്കാനുമാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ധാരണ. സുധീരന്‍ പാര്‍ട്ടിയില്‍ പലരുടെയും വിരോധം സമ്പാദിച്ചതിനാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പ് ഉയര്‍ന്നുവരാന്‍ സാധ്യത കുറവാണെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുപോലെ സുധീരനില്‍നിന്ന് ആക്രമണം നേരിടുമ്പോള്‍ ഉമ്മന്‍ചാണ്ടി പി.ജെ കുര്യനില്‍നിന്ന് കൂടി ആരോപണം നേരിടുന്നുണ്ട്. അതും അവഗണിക്കാനാണ് തീരുമാനം. കുര്യന്റെയും സുധീരന്റെയും പ്രസ്താവനകളില്‍ പ്രകോപിതരായി പരസ്യ പ്രതികരണം നടത്തരുതെന്ന് ഈ നേതാക്കള്‍ കൂടെ നില്‍ക്കുന്ന യുവ നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."