കെവിന് വധം: നീനുവിന് മനോരോഗമുണ്ടെന്ന് പിതാവിന്റെ അഭിഭാഷകന് കോടതിയില്‍
ഏറ്റുമാനൂര്‍: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിനു പാരനോയ്ഡ് സൈക്കോസിസാണെന്നു പ്രതിഭാഗം അഭിഭാഷകന് കോടതിയില്‍. കേസിലെ അഞ്ചാംപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കവെയാണു പ്രതിഭാഗം ഈ നിലപാടുമായി രംഗത്തെത്തിയത്.
രണ്ടുമൂന്നു തവണ ആത്മഹത്യാശ്രമം നടത്തുകയും അടുത്ത ബന്ധുക്കളോടു ശത്രുതാമനോഭാവം പുലര്‍ത്തുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ ഭാഗമാണെന്നും ഇതിന് കൗണ്‍സിലിങ്ങിനു വിധേയയായിട്ടുണ്ടെന്നും ചാക്കോയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
മകള്‍ നീനുവിനു മാനസികരോഗമുണ്ടെന്നും കെവിന്റെ വീട്ടില്‍നിന്നു മാറ്റണമെന്നുമാവശ്യപ്പെട്ടാണു ചാക്കോ കോടതിയില്‍ ഹരജി നല്‍കിയത്. നീനുവിന്റെ രോഗവിവരം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പൊലിസ് സീല്‍ ചെയ്ത തെന്മലയിലെ തന്റെ വീടു തുറന്നു നല്‍കണമെന്നും ചാക്കോ ആവശ്യപ്പെട്ടു.
അതേസമയം, തനിക്കു മാനസികരോഗമുണ്ടെന്നു സ്ഥാപിക്കാനുള്ള നീക്കം പ്രതികള്‍ക്കു കേസില്‍നിന്നു രക്ഷപ്പെടാനാണെന്നു നീനു നേരത്തെ പ്രതികരിച്ചിരുന്നു. തനിക്കു മാനസികപ്രശ്നങ്ങളൊന്നുമില്ലെന്നും തന്നെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലും ചികില്‍സയ്ക്കു കൊണ്ടുപോയിട്ടില്ലെന്നും നീനു വ്യക്തമാക്കിയിരുന്നു.
താന്‍ ഹൃദ്രോഗിയാണെന്നു കാട്ടിയാണു ചാക്കോ നേരത്തെ ജാമ്യാപേക്ഷ നല്‍കിയത്. ഹൃദ്രോഗിയാണെന്നു തെളിയിക്കുന്ന രേഖകള്‍ കൊല്ലത്തെ പൂട്ടിക്കിടക്കുന്ന വീട്ടിലാണെന്നും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രേഖകള്‍ കണ്ടെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
ചാക്കോയെ അറസ്റ്റുചെയ്തതു ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ്. സംഭവം നടക്കുമ്പോള്‍ ചാക്കോ വീട്ടിലുണ്ടായിരുന്നു. കേസുമായി ചാക്കോയ്ക്കു ബന്ധമില്ല. മുഖ്യപ്രതിയുടെ പിതാവെന്ന ഒറ്റക്കാരണത്താലാണു ചാക്കോയെ അറസ്റ്റുചെയ്തത്.
പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്നു വ്യക്തമാക്കിയിട്ടില്ലെന്നു അഭിഭാഷകന് വിനോദ് കോടതിയെ അറിയിച്ചു. ചാക്കോയുടെ ജാമ്യഹരജിയിലും നീനുവിനെ കെവിന്റെ വീട്ടില്‍നിന്നു മാറ്റുന്നതു സംബന്ധിച്ച അപേക്ഷയിലും കോടതി തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."