ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉത്രാളിക്കാവ് പൂരം ഇന്ന്
വടക്കാഞ്ചേരി: വിശ്വ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി തട്ടക ദേശങ്ങള്‍. കരിവീരന്മാരും, വാദ്യമേള കലാകാരന്മാരും, വെടിക്കെട്ട് പ്രേമികളും ഉത്സവത്തെ നെഞ്ചേറ്റാന്‍ വടക്കാഞ്ചേരിയിലെത്തി കഴിഞ്ഞു. ഇന്നലെ മൂന്ന് ദേശങ്ങളും ഒരുക്കിയ ചമയ പ്രദര്‍ശനവും, വിവിധ കലാ സാംസ്‌കാരിക പരിപാടികളും മതിവരുവോളം കണ്ടു ജനം. ഗജവീരന്മാര്‍ക്ക് അണിയാനുള്ള ആടയാഭരണങ്ങള്‍, മുത്തുകുടകള്‍, ആലവട്ടം, വെഞ്ചാമരം, കാല്‍ചിലങ്കകള്‍, നെറ്റിപ്പട്ടം തുടങ്ങിയവ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ വൈദ്യുത ദീപപ്രഭയുടെ സുവര്‍ണവര്‍ണ ശോഭയിലമര്‍ന്നു നാടൊന്നാകെ.
വടക്കാഞ്ചേരി ദേശം കരു മരക്കാട് ശിവ ക്ഷേത്ര പരിസരത്തെ പ്രത്യേക പന്തലിലും, കുമരനെല്ലൂര്‍ ഓട്ടുപാറയില്‍ പ്രത്യേകം ക്രമീകരിച്ച വേദിയിലും, എങ്കക്കാട് ഉത്രാളി ദേവീ സന്നിധിയിലുമാണ് ചമയ പ്രദര്‍ശനമൊരുക്കിയത്.
വടക്കാഞ്ചേരി വിഭാഗം ഇന്നലെ പട്ടണത്തില്‍ മിനി പൂരമൊരുക്കി. മൂന്ന് കരിവീരന്മാരുടെ നേതൃത്വത്തില്‍ മച്ചാട് ഉണ്ണിയുടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്. മാരിയമ്മന്‍ കോവില്‍ പരിസരത്ത് നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പ് പുഴ പാലത്തിന് സമീപമുള്ള ദേശ പന്തലിലെത്തി സമാപിച്ചു.ശിവക്ഷേത്രത്തില്‍ പഞ്ചന പ്രകാശിന്റെ നേതൃത്വത്തില്‍ വയലിന്‍ കച്ചേരിയും നടന്നു. ശിവക്ഷേത്ര മണ്ഡപത്തില്‍ ദക്ഷിണ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം അശ്വതിയും, സംഘവും അവതരിപ്പിച്ച രാമായണ നൃത്തശില്‍പ്പം നൃത്ത പരിപാടിയും ഉണ്ടായി. പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും സംഘവും അവതരിപ്പിച്ച ദുര്യോധനവധം കഥകളിയും അരങ്ങേറി. കുമരനെല്ലൂര്‍ ദേശത്തിന്റെ നേതൃത്വത്തില്‍ സിനിമാ താരം പത്മശ്രീ ശോഭനയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത നൃത്യങ്ങള്‍. നൂറ് കണക്കിന് പേര്‍ക്ക് വിസ്മയ കാഴ്ച്ചയായി. എങ്കക്കാട് വിഭാഗം ദേശതിടമ്പേറ്റുന്ന തിരുവമ്പാടി ചന്ദ്രശേഖരന് സ്വീകരണം ഒരുക്കി. നൃത്ത പരിപാടികളും, തൃശൂര്‍ നിശാഗന്ധിയുടെ ഗാനമേളയും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."