ബഹ്‌റൈനിലെ സുമനസ്സുകള്‍ കനിഞ്ഞു; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
മനാമ: ഇറാനില്‍ നിന്നും ജയില്‍ മോചിതരായി ബഹ്‌റൈനിലെത്തിയ, ഇന്ത്യക്കാരായ 15 മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങി. ബഹ്‌റൈനില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ചെന്നൈയിലേക്കാണിവര്‍ യാത്ര തിരിച്ചത്. വ്യാഴാഴ്ച രാത്രി 8.30 തോടെ ഇവര്‍ നാട്ടിലെത്തും.
സുമനസ്സുകളുടെ കാരുണ്ണ്യവും വിവിധ പ്രവാസി സംഘടനകളുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായവും കൂടി ലഭിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വ്യാഴാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങാനായത്.
നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കൂടാതെ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍.എഫും വിവിധ പ്രവാസി സംഘടനകളും ഇവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു.
പ്രവാസി കൂട്ടായ്മയായ 'ഹോപ്പ് ബഹ്‌റൈന്‍ പ്രവര്‍ത്തകര്‍ തൊഴിലാളികള്‍ക്കെല്ലാവര്‍ക്കും 'പ്രവാസി കിറ്റും' നല്‍കിയിരുന്നു.
കൂടാതെ പടവ്, തമിഴ്‌നാട് ഒ.ഐ.സിസി സംഘടനകളും ഇവര്‍ക്ക് സഹായവുമായി എത്തിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് 15 ഇന്ത്യക്കാരും ആറ് ബംഗ്ലാദേശികളും ഇറാനില്‍ നിന്ന് ബോട്ട് മാര്‍ഗം ബഹ്‌റൈനിലെത്തിയത്.
തിങ്കളാഴ്ച കാലത്ത് 10.30ഓടെ ഇവര്‍ ബഹ്‌റൈന്‍ തീരത്തെത്തി. 13പേരുടെയും വിസ കാലാവധി കഴിഞ്ഞതിനാല്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് കരയിലേക്കിറങ്ങാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ഇതിനിടെ, തൊഴിലാളികളെ ഇറാനില്‍ മോശം സാഹചര്യത്തില്‍ തടവിലാക്കിയ നടപടിക്കെതിരെ തമിഴ്‌നാട്ടിലെ വിവിധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തമിഴ്‌നാട് സ്വദേശികളായ സത്യസാഗര്‍ വിജയ ബാബു, ജോസഫ് കെന്നഡി, ശ്രീജിത്ത് ഉദയകുമാര്‍, ക്ലൗഡിന്‍ നസ്‌റിന്‍, ആന്റണി എഡ്വിന്‍, ജോര്‍ജ് കെവ, രവി രാമസ്വാമി, ജോര്‍ജ് സുധാകരന്‍, വിന്‍സന്റ് രായപ്പന്‍, പ്രശാന്ത് സവേരിയന്‍, ശ്രീനു ഉദയകുമാര്‍, രാജേഷ് കുമാര്‍ മാരിമുത്തു, ക്യാപ്റ്റന്‍മാരായ ആന്റണി ജേക്കബ്, വര്‍ഗീസ്, സെലറ്റ് രാജ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവരെ യാത്രയക്കാന്‍ വിവിധ സംഘടനാ പ്രതിനിധികളും ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."