കാര്‍ഷിക മേഖലയെ അഗ്രോ ഇക്കോളജിക്കല്‍ സോണ്‍ ആയി തിരിക്കും: മന്ത്രി
തൃശൂര്‍: സംസ്ഥാനത്ത് കാര്‍ഷികമേഖല അഗ്രോ ഇക്കോളജിക്കല്‍ സോണ്‍ ആയി തിരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാര്‍ഷിക പാരിസ്ഥിതിക സോണുകള്‍ പരിഗണിച്ച് കാര്‍ഷികമുറകളിലും വിളകളിലും മാറ്റംവരുത്തും. കാര്‍ഷിക മേഖലയെ അഴിച്ചുപണിയും. ഇതിനുള്ള പഠനം അന്തിമഘട്ടത്തിലാണ്. ആവശ്യമെങ്കില്‍ ഭരണഘടനാ തലത്തിലുള്ള അഴിച്ചു പണികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ 11 പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയശേഷം പല ജില്ലകളിലും പലവിധത്തിലാണ് മണ്ണില്‍ മാറ്റം സംഭവിച്ചത്. ഇതനുസരിച്ച് കാര്‍ഷികമുറകളില്‍ മാറ്റം വരുത്തുണം. ആവശ്യമെങ്കില്‍ ഭരണതലത്തിലുള്‍പ്പടെ മാറ്റങ്ങള്‍ വരുത്തും കാര്‍ഷിക സര്‍വകലാശാലയുടെ ഉപകേന്ദ്രം കോഴിക്കോട് ആരംഭിക്കും. അതിരപ്പിള്ളി ട്രൈബല്‍വാലി ഉല്‍പ്പന്നങ്ങള്‍ വിപണയിലിറക്കും. അതിരപ്പിള്ളി തവളപ്പാറ ആദിവാസി ഊരില്‍ പരമ്പരാഗത കൃഷിരീതിവഴി ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി, കുരുമുളക്, ഏലം, കോലിഞ്ചി, മഞ്ഞള്‍ തുടങ്ങിയവ പ്രത്യേകം ഉല്‍പ്പന്നങ്ങളാണ്. ഇവ ട്രൈബല്‍വാലി ഉല്‍പ്പന്നങ്ങളാക്കി വിപണിയിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി ആദിവാസി കോളനിയില്‍ 42 ഊരുകളില്‍ ധാന്യഗ്രാമം പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ എല്ലാ ഗ്രാമത്തിലും വ്യാപകമാക്കും. തനതായ കൃഷി വികസിപ്പിച്ച് ആഗോളമാര്‍ക്കറ്റില്‍ ഇടംപിടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ. രാജന്‍ എം.എല്‍.എ അധ്യക്ഷനായി. മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയന്‍, ജനറല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. എ അനില്‍കുമാര്‍, ടി പ്രദീപ് കുമാര്‍, ഡോ. കെ അരവിന്ദാക്ഷന്‍, ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, രജിസ്ട്രാര്‍ ഡോ.പി.എസ് ഗീത കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."