''മുന്‍പ് വഅള് കേള്‍ക്കാന്‍ വരുന്നത് ചിരിച്ചും മടങ്ങുന്നത്, കരഞ്ഞും.. കാരണം തഖ്‌വ ഉണ്ടാക്കാനാണ് അവര് വന്നത്, എന്നാല്‍ ഇന്നോ...'' പുതിയ മതപ്രഭാഷണ രീതികളെ വിമര്‍ശിച്ചുള്ള ജിഫ്രി തങ്ങളുടെ പ്രസംഗം ഏറ്റെടുത്തു സോഷ്യല്‍ മീഡിയ
കോഴിക്കോട്: മതപ്രഭാഷണത്തിന് വലിയ തുക കണക്കുപറഞ്ഞു ഈടാക്കുന്ന പ്രഭാഷകരെ വിമര്‍ശിച്ചുള്ള സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രസംഗം ഏറ്റെടുത്തു സോഷ്യല്‍മീഡിയ. കഴിഞ്ഞ ഞായറാഴ്ച ആലത്തൂര്‍ പടി ദര്‍സിന്റെ 25 ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ മുന്നിലിരിക്കുന്ന മതവിദ്യാര്‍ത്ഥികള്‍ക്കു ഉല്‍ബോധനം നടത്തുന്നതിനിടെയാണ് ജിഫ്രി തങ്ങള്‍ പ്രഭാഷണ മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ജിഫ്രിതങ്ങളുടെ പ്രസംഗത്തില്‍ നിന്ന്:
'മുന്‍പൊക്കെ ആളുകള്‍ വഅള് കേള്‍ക്കാന്‍ ചിരിച്ചു വന്നാലും, കരഞ്ഞുകൊണ്ടാവും തിരിച്ചുപോവല്‍. എന്താ കാരണം? തഖ്‌വ (മതഭക്തി) ഉണ്ടാക്കുന്നതായ വഅളാണ് കേട്ടത്. അന്ന് വഅള് പറയുന്നവര്‍ക്ക് ഭൗതികമായ താല്‍പര്യങ്ങള്‍ ഒന്നുമില്ലായിരുന്നു. വഅള് പറയാന്‍ വരുന്നതിനു മുന്‍പായി എനിക്ക് ഇത്ര കിട്ടണം. അതില്‍ രണ്ടായിരം അല്ലെങ്കില്‍ പത്തായിരം ഇങ്ങോട്ട് ആയതുകൊണ്ട് കുറയ്ക്കാം. അതിനു ഏജന്റുമാരെ നിശ്ചയിക്കുന്നു. മുന്‍പ് ഇങ്ങനത്തെ ഒരവസ്ഥയില്ലായിരുന്നു. അവരെന്താ കൊടുത്തത് മേടിച്ചു പോവുന്ന ഒരവസ്ഥയായിരുന്നു അന്ന്. ഈ അവസ്ഥയിലേക്കു നമ്മള്‍ മടങ്ങിവരണം.
ഇന്ന് വഅള് പറയാന്‍ വരുന്നവന്‍ വരുന്നതിനു മുന്‍പായി നാലുഭാഗത്തും ഏജന്റുമാരെ ഉണ്ടാക്കുകയാണ്. എന്നിട്ട് ഒന്നുകില്‍ ഏജന്റ് പറയും അല്ലെങ്കില്‍ അവന്‍ പറയും എത്ര ഒഴിവുണ്ടായലും ഒഴിവില്ല എന്ന്. എന്തിനാഡോ ഇല്‍മിന്റെ (മതവിജ്ഞാനം) കാര്യത്തില്‍ ഒഴിവില്ലാന്ന് വെറുതേ പറയ്ണ്.? എന്നിട്ട് അവിടുത്തെ ഒരുദിവസം നിങ്ങള്‍ക്ക് ഒഴിവാക്കി തരാം എന്നൊക്കെ പൊള്ള് പറഞ്ഞുനില്‍ക്കണോ. അതിന്റെയൊന്നും ഒരാവശ്യവുമില്ലല്ലോ. എന്താ ഒഴിവുള്ളദിവസം ഒഴിവുണ്ടെന്നു തന്നെ പറഞ്ഞാല്‍? ആള് ചെറുതാവൊന്നും ഇല്ല. അപ്പൊ ആള് വലുതാവണം എന്നുണ്ടെങ്കില്‍ ഒറ്റദിവസവും ഒഴിവില്ലാന്ന് പറയ്ക. എന്നിട്ട് എങ്ങിനെയെങ്കിലും ഒഴിവുണ്ടാക്കി വരാം എന്ന് പറയുക. അതിന് ഇത്രയും പൈസ തരണം എന്നു പറയുക. എന്നിട്ട് അതില്‍ നിന്നൊരു അഡ്ജസ്റ്റ്‌മെന്റ്... പൈസയില്‍ നിന്ന് അഞ്ചോ പത്തോ കുറയ്ക്കാം എന്നു പറയുക.
ഇതൊന്നും പഴേ ഉലമാക്കളുടെ (മതപണ്ഡിതര്‍) സ്വഭാവത്തില്‍പ്പെട്ടതല്ല. അവര് ഇങ്ങനെയൊന്നും പറഞ്ഞുനടക്കാറില്ല.
മുന്‍പ് കെ.വി മുഹമ്മദ് മുസ്ല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായിരുന്നു. മൂപ്പര് കൊയിലാണ്ടി ഭാഗത്ത് ഒരു പ്രസംഗത്തിനു പോയി. പോയിവരുമ്പോള്‍ അവര് അഞ്ചുറുപ്പ്യ കൊടുത്തു. അന്ന് അഞ്ചുറുപ്പ്യ ഒന്നുമല്ല ഉസ്താദുമാര്‍ക്ക് കൊടുക്കാറ്. പത്ത് ഇരുപത്തഞ്ച് അമ്പത് ഒക്കെ കൊടുക്കുന്ന കാലമാണ്. അവര് അത് കവറിലാക്കി കൊടുത്തു, മൂപ്പര് അത് അരപ്പട്ട ഉണ്ടായിരുന്നു, അതില് വച്ചു. മൂപ്പര് ഇവിടന്ന് കൊയിലാണ്ടിയിലേക്ക്ള്ള ബസ്സിന്റെ പൈസയേ കൈയില്‍ കരുതിയിട്ടുണ്ടായിരുന്നുള്ളൂ. തിരിച്ചു ചേളാരി വരേണ്ട ആവശ്യമുണ്ടായിരുന്നു. അങ്ങിനെ ചേളാരി വരെ വന്നു. പിന്നെ നോക്കുമ്പോള്‍ ബസ്സിനു പൈസയില്ല. അങ്ങിനെ കവറില്‍ നിന്ന് എടുത്തുനോക്കുമ്പോള്‍ അഞ്ചുറുപ്പ്യ ഒള്ളൂ. പിന്നെ ഇവിടെ (ചേളാരിയിലെ സമസ്ത) ഓഫീസില്‍ വന്ന് ചില്ലറ പൈസ വാങ്ങിയിട്ടാണ് നാട്ടില്‍ പോയത്. അതാണ് യഥാര്‍ത്ഥ ആലിമീങ്ങളുടെ സ്വഭാവം. അല്ലാഹു സുബ്ഹാനഹൂ വതആല അവരെയൊക്കെ കുഴക്കിയോ? ഇല്ല കുഴക്കീട്ടില്ല.
അപ്പൊ ഇങ്ങനെ ഒരു സംഖ്യ പറഞ്ഞ്, അതു കുറവാക്കിയാല്‍ ഇത്ര വേണംന്ന് പറഞ്ഞുള്ള അവസ്ഥകളൊക്കെ അവസാനിപ്പിക്കണം. പണം വാങ്ങേണ്ട എന്നല്ല പറഞ്ഞത്, തന്നത് വാങ്ങിക്കോ. അത് കണക്കുപറഞ്ഞ് വാങ്ങരുത്. അതൊരു നല്ലസ്വഭാവമല്ല. ജനങ്ങളെ എടങ്ങേറാക്കുന്ന പണികളൊന്നും എടുക്കരുത്. ദീന്‍ ഇവിടെ നിലനില്‍ക്കാന്‍ വേണ്ടി, ദീനിന്റെ സ്ഥാപനങ്ങള്‍ ഉയരാന്‍ വേണ്ടി പിരിച്ചുകൊടുക്കാം. അതോടൊപ്പം അത് പിരിച്ചുതന്നാല്‍ എനിക്ക് ഇത്ര കിട്ടണം എന്ന അവസ്ഥ പാടില്ല. അങ്ങിനെയൊരവസ്ഥ ഉണ്ടായാല്‍ ദീന്‍ ഇവിടെ കേടുവന്നുപോവും.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."