ഹുദൈദ തുറമുഖ ആക്രമണം; യു.എന്‍ അടിയന്തരയോഗം വിളിച്ചു
ന്യൂയോര്‍ക്ക്: യമന്‍ തുറമുഖ നഗരമായ ഹുദൈദയില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം തുടരുന്നതിനിടെ യു.എന്‍ രക്ഷാ സമിതി അടിയന്തര യോഗം വിളിച്ചു.
അടിയന്തര യോഗത്തിന് യു.കെയാണ് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം യോഗം ചേരും. യമന്‍ വിഷയത്തില്‍ ഈ ആഴ്ചക്കിടെ രണ്ടാം തവണയാണ് യു.എന്‍ രക്ഷാസമിതി യോഗം ചേരുന്നത്. യമിനില്‍ മാനുഷിക ദുരന്തം നിലനില്‍ക്കുയാണെന്ന മുന്നറയിപ്പ് നല്‍കാനാണ് നേരത്തെ യോഗം ചേര്‍ന്നത്.
ഇറാന്‍ പിന്തുണയോടെയുള്ള വിമതരായ ഹൂതികളുടെനിയന്ത്രണത്തിലുള്ള ഹുദൈദയില്‍ ബുധനാഴ്ച മുതലാണ് സഖ്യസേന ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് പിന്‍വാങ്ങാന്‍ ഹൂതികള്‍ക്കുള്ള അന്ത്യശാസന സമയം കഴിഞ്ഞതോടെയാണ് ആക്രമണം ആരംഭിച്ചത്. കര, വ്യോമ ആക്രമണങ്ങളാണ് തുടരുന്നത്. അതിനിടെ ആക്രമണത്തില്‍ നാല് യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് യു.എ.ഇ സൈന്യത്തിന്റെ ജനറല്‍ കമാന്‍ഡ് പറഞ്ഞു.
ഹുദൈദ വിമാനത്താവളത്തിന്റെയും അല്‍ ദുര്യാമി പ്രദേശത്തിന്റെയും സമീപങ്ങളിലാണ് ഓപറേഷന്‍ തുടരുന്നതെന്ന് യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു.
ബുധനാഴ്ച മാത്രം 18 വ്യോമ ആക്രമണമാണ് സഖ്യസേന നടത്തിയത്. തുറമുഖത്തിന് സമീപത്തും നഗരത്തിലും ഹൂതികള്‍ സൈനിക, ആയുധ വിന്യാസങ്ങള്‍ നടത്തി തിരിച്ചടിക്കുന്നുണ്ട്.
ഹുദൈദയില്‍ ആക്രമണം നടത്തിയാല്‍ വന്‍ മാനുഷിക ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ ആരംഭിച്ചത്.
ഗോള്‍ഡന്‍ വിക്ടറിയെന്നാണ് സഖ്യസേന ആക്രമണത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ക്ക് ശക്തമയി തിരിച്ചടി നല്‍കുമെന്ന് ഹൂതി തലവന്‍ മുഹമ്മദ് അലി അല്‍ ഹൂതി പറഞ്ഞു. തന്ത്രപ്രധാനമായ ചെങ്കടലിലെ എണ്ണ ടാങ്കുകള്‍ ആക്രമിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. രണ്ട് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് ഹൂതികള്‍ അല്‍ മസൈറ ടെലിവിഷനിലൂടെ അവകാശപ്പെട്ടു.
ഹുദൈദ തുറമുഖം വഴി ഇറാന്‍ സഹായത്തോടെ വിമതര്‍ ആയുധം കടത്തുന്നുവെന്നാണ് സഖ്യസേനയുടെ ആരോപണം. ഇക്കാര്യം വിമതര്‍ നിഷേധിച്ചിട്ടുണ്ട്. യമനില്‍ രൂക്ഷമായ രീതിയില്‍ പട്ടിണി വ്യാപകമായിരിക്കെയുള്ള ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
2014ല്‍ യമനിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വിമതര്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് ഇവിടെ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."