ആയിരം ദിനാഘോഷം; ജില്ലാതല സമാപനം നാളെ നീലേശ്വരത്ത്
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ജില്ലാതല സമാപനം ഇന്നും നാളെയുമായി വിവിധ പരിപാടികളോടെ നീലേശ്വരത്ത് നടക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശ്രീവത്സം ഓഡിറ്റോറിയത്തില്‍ 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നവകേരള നിര്‍മ്മാണവും' വിഷയത്തില്‍ സെമിനാര്‍ നടക്കും.
എം. രാജഗോപാല എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ കേരള ഭരണപരിഷ്കാര കമ്മീഷന് അംഗം ഷീല തോമസ്, ആര്‍ക്കിടെക്ട് ആന്റ് ഹാബിറ്റാറ്റ് ഫൗണ്ടര്‍ ആര്. ശങ്കര്‍, കില ഡയരക്ടര്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മോഡറേറ്ററാകും. നീലേശ്വരം നഗരസഭാ ചെയര്മാന് പ്രൊഫ. കെ.പി ജയരാജന് അധ്യക്ഷത വഹിക്കും.
ജില്ലാതല സമാപനം നാളെ വൈകുന്നേരം നാലിന് നീലേശ്വരം എന്‍.കെ.ബി.എം യു.പി സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിക്കും.ഘോഷയാത്ര രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. സമാപന സമ്മേളനം പി. കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."