ഡി.ജി.പിയെ പുറത്താക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി
പാലക്കാട്: മകന് നീതികിട്ടാനായി സമരരംഗത്തിറങ്ങിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ ക്രൂരമായി ആക്രമിക്കാന്‍ പൊലിസിനെ ഉപയോഗിച്ച ഡി.ജി.പിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പാലക്കാട് ടൗണില്‍ കെ.എസ്.ആര്.ടി.സി ക്കു മുന്നില്‍ നിന്നുമാരംഭിച്ച് ടി.ബി റോഡ്, മാര്‍ക്കറ്റ് റോഡ് വഴി വലിയങ്ങാടിയില്‍ സമാപിച്ചു. സമാപന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. യാതൊരു ന്യായീകരമവുമില്ലാത്ത നടപടിയാണ് പൊലിസിന്റേത്. ന്യായത്തിനായി പ്രക്ഷോഭം നടത്തുന്നവരെ അടിച്ചൊതുക്കാന്‍ പൊലിസിന് നിര്‍ദേശം നല്കിയ മുഖ്യമന്ത്രി പിണറായി വിജയനും ഇതിനുത്തരവാദിയാണ്.
സ്വാശ്രയ ലോബിക്കും കൊള്ളക്കാര്‍ക്കും എന്തും ചെയ്യാമെന്നും ആരെയും കൊല്ലാമെന്നും അതിനെതിരെ ആരും മിണ്ടരുതെന്നുമാണ് പിണറായി വിജയന് കേരളത്തിന് നല്കുന്ന അപകടകരമായ സന്ദേശം. കേരളത്തെ പൊലിസ് രാജാക്കിയ മുഖ്യമന്ത്രി മാപ്പു പറയുകയും പൊലിസിനെ നിലക്കു നിര്‍ത്തുകയും ചെയ്യണം.
ലോക്നാഥ് ബെഹ്റയെ ഇനി തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അജിത് കൊല്ലങ്കോട് അധ്യക്ഷനായി. എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറര്‍ പി. ലുഖ്മാന്, വിദ്യാര്‍ഥി വിഭാഗം സംസ്ഥാന കണ്‍വീനര്‍ പ്രദീപ് നെന്മാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."