ഷൊര്‍ണൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ്
ഷൊര്‍ണൂര്‍: ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി പ്രയോഗം നടത്തി. ഡി.സി.സി സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രമോദ്, ആഷിക്ക്, ജയേഷ് എന്നിവര്‍ക്ക് ലാത്തിയടിയില്‍ പരുക്കേറ്റു. ഇവരില്‍ പ്രമോദിനേയും, ആഷിക്കിനേയും ഷൊര്‍ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രകടനം ഷൊര്‍ണൂര്‍ പോസ്റ്റ് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ പോസ്റ്റ് ഓഫിസ് അടക്കണമെന്നു അഭ്യര്‍ഥിക്കാന്‍ ചെന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ ലാത്തികൊണ്ടു പൊതിരെ തല്ലുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ലാത്തി പ്രയോഗത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി സെക്രട്ടറിമാരായ വി.കെ. ശ്രീകൃഷ്ണന്, ഷൊര്‍ണൂര്‍ വിജയന്, ടി. വൈ. ഷിഹാബുദ്ധീന്, കെ. കൃഷ്ണകുമാര്‍, കോണ്‍ഗ്രസ് ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ് ടി.കെ. ബഷീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഷൊര്‍ണൂര്‍ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
ഒറ്റപ്പാലം സി.ഐ നേതാക്കന്മാരുമായി ചര്‍ച്ച നടത്തി അതിക്രമം നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നു ഉറപ്പ് നല്കിയ ശേഷമാണ് ഉപരോധം പിന്‍വലിച്ചത്.
രാവിലെ കുളപ്പുള്ളി ഗവ.പ്രസിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ പൊലിസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്നു മണ്ഡലം പ്രസിഡന്റ് ടി.കെ. ബഷിര്‍ കുറ്റപ്പെടുത്തി.
ഒരു പൊലിസുകാരന് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നുവത്രെ.
നേതാക്കളും മറ്റു പൊലിസുകാരും ഇടപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."