ജലസ്രോതസുകള്‍ വറ്റുന്നു താല്‍ക്കാലിക തടയണ നിര്‍മാണം ആരംഭിച്ചു
ബദിയഡുക്ക: വേനല്‍മഴയുടെ ലഭ്യത കുറഞ്ഞതോടെ പുഴകളും തോടുകളും മറ്റു ജലസ്രോതസുകളും വറ്റുവാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ പരമ്പരഗതമായി നിര്‍മിച്ചിരുന്ന തടയണകളായിരുന്നു കാര്‍ഷിക വിളകള്‍ക്കുള്ള വെള്ളത്തിനായി കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ തടയണ നിര്‍മാണത്തിന് ധനസഹായം ലഭിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതി നടപ്പിലായതോടെ ജലസംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള തടയണ നിര്‍മാണ പ്രവര്‍ത്തനം തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് ഒരു പരിധി വരെയേങ്കിലും കര്‍ഷകര്‍ക്ക് സഹായകമായിരുന്നു. എന്നാല്‍, തൊഴിലുറപ്പ് നിയമ പ്രകാരം തടയണ പ്രവൃത്തി നടപ്പാക്കേണ്ട എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കര്‍ഷകര്‍ക്ക് വിനയായത്.
ഇതോടെ തടയണ നിര്‍മാണവും നിലച്ചു. എന്‍മകജെ പഞ്ചാത്തിലൂടെ കടന്നു പോകുന്ന അഡ്ക്കസ്ഥല പുഴയില്‍ അഡ്ക്കസ്ഥല, ബാക്കിലപദവ്, കളത്തടുക്ക, എരുഗല്ല്, ബദിയഡുക്ക, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, പുത്തിഗെ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെ തടയണകള്‍ പണിതിരുന്നു. ഡിസംബര്‍ അവസാനം പണി തീരുന്ന തരത്തിലായിരുന്നു നിര്‍മാണം. ഇതുവഴി പ്രദേശത്തെ കിണര്‍, കുഴല്‍ കിണര്‍, തോട് തുടങ്ങിയ ജലസ്രോതസ്സുകളില്‍ ജലവിതാനും ഉയരുകയും കാലവര്‍ഷം തുടങ്ങുന്നത് വരെ ജലം ലഭിച്ചിരുന്നു. സമീപ പ്രദേശങ്ങളിലെ കാര്‍ഷിക വിളകള്‍ക്ക് ജലസേചനത്തിനുള്ള വെള്ളം ലഭിച്ചിരുന്നു.
ഏറ്റവും കൂടുതല്‍ തെങ്ങ്, കമുക്, നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷി ചെയ്യുന്ന കര്‍ഷകരാണുള്ളത്. മുന്നുവര്‍ഷം മുന്‍പ് വരെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണ പ്രവൃത്തി നടത്തിയിരുന്നു.
എന്നാല്‍, കോണ്‍ക്രിറ്റ് തടയണകള്‍ക്ക് മാത്രം സാമ്പത്തിക സഹായം നല്‍കിയാല്‍ മതിയെന്ന കേന്ദ്ര നിര്‍ദേശം വന്നതോടെയാണ് താല്‍ക്കാലിക തടയണ നിര്‍മാണം നിലക്കാന്‍ കാരണമായത്. അരനൂറ്റാണ്ട് മുന്‍പേ കര്‍ഷകര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് തടയണ വഴിയുള്ള ജല സംരക്ഷണം. ഉള്‍ഭാഗത്തെ ചെറുതോടുകള്‍ക്കും തടയണ പണിതിരുന്നു.
കാലവര്‍ഷം തുടങ്ങുമ്പോള്‍ പൊളിച്ച് മാറ്റുന്നതാണ് ഇതിന്റെ രീതി. കല്ലും മണ്ണും ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയില്‍ നിര്‍മിക്കുന്ന തടയണകളില്‍ ഏക്കറോളം വെള്ളം കെട്ടി നില്‍ക്കുന്നത് വേനല്‍ക്കാലത്തെ പതിവ് കാഴ്ചയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി നടപ്പില്‍ വരുന്നതിന് മുന്‍പ് പ്രദേശത്തെ കര്‍ഷകര്‍ സംഘം ചേര്‍ന്ന് വിഹിതമെടുത്താണ് നിര്‍മിച്ചിരുന്നത്. നാമമാത്രമായ സഹായമാണ് പഞ്ചായത്ത് ചെയ്തിരുന്നത്. മാത്രവുമല്ല തടയണകളുടെ കണക്കും സൂക്ഷിച്ചിരുന്നു.
ഒരു തടയണക്ക് അരലക്ഷം രൂപ വരേയാണ് ചെലവ്. സ്ഥിരം തടയണകളില്‍ നിന്നുമുണ്ടാകുന്ന ചോര്‍ച്ചയും 1000 അടി വരെ താഴ്ച്ചയില്‍ കിടക്കുന്ന കുഴല്‍ കിണറുകളിലെ വെള്ളം വര്‍ഷങ്ങള്‍ക്കകം വറ്റുന്നതും താല്‍ക്കാലിക തടയണകളുടെ പ്രധാന്യം ഏറിയതായി പറയുമ്പോഴും പലരും തടയണ നിര്‍മ്മാണത്തില്‍ നിന്നും പിന്‍തിരിഞ്ഞു. അതേസമയം കാര്‍ഷിക ആവശ്യത്തിനുള്ള ജല ലഭ്യത കണക്കിലെടുത്ത് ഒരു കൂട്ടം കര്‍ഷകരുടെ കൂട്ടായ്മയില്‍ ഏത്തടുക്ക നേരപ്പാടി പുഴയില്‍ തടയണ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."