നഗരസഭ സെക്രട്ടറിയുടെ തിരോധാനം പൊലിസ് അന്വേഷണം തുടങ്ങി
കുന്നംകുളം: നഗരസഭ സെക്രട്ടറിയുടെ തിരോധാനം. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരസഭ ഭരണ സമതിയുടെ അവഹേളനം സഹിക്കാനാകാതെയാണ് സെക്രട്ടറി സജികുമാര്‍ പോയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആറ് ദിവസം മുന്‍പ് കാണാതായ കുന്നംകുളം സെക്രട്ടറിയെ തേടി കുടുംബം ഇപ്പോഴും നഗരത്തില്‍ തമ്പടിച്ചിരിക്കുകയാണ്. തിരുവന്തപുരം സ്വദേശിയായ സജികുമാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കുന്നംകുളം നഗരസഭയില്‍ ജോലി ചെയ്തുവരികയാണ്. ഒന്നരമാസത്തെ അവധിക്ക് ശേഷം നഗരസഭയിലെത്തിയ സെക്രട്ടറി ആരോടും പറയാതെ ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് വിവരമൊന്നും ലഭിക്കാതായതോടെ കുന്നംകുളം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പുതിയ സെക്രട്ടറി വരുന്നതുവരെ ചുമതല വീണ്ടും മുന്‍സിപ്പല്‍ എഞ്ചിനീയര്‍ക്ക് കൈമാറി. സെക്രട്ടറി അവധിയിലായതു മുതല്‍ മുന്‍സിപ്പല്‍ എഞ്ചിനിയര്‍ക്കായിരുന്നു സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നത്. ഇത് മാര്‍ച്ച് 31 നു അവസാനിക്കുകയും ചെയ്തു. സെക്രട്ടറി അവധിക്കുശേഷം ഏപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്‌സണും സൂപ്രണ്ടും സെക്രട്ടറിയോട് മോശമായി പെരുമാറിയതിലെ മനോവിഷമമാണ് തിരോധാനത്തിന് പിന്നിലുള്ളതെന്ന് നഗരസഭയിലെ വിമത കോണ്‍ഗ്രസ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നഗരസഭയില്‍ നിന്നിറങ്ങിപ്പോയ സെക്രട്ടറിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. സജികുമാറിനെ അന്വേഷിച്ച് വീട്ടുകാര്‍ നഗരസഭയില്‍ എത്തിയപ്പോഴാണ് സെക്രട്ടറിയെ കാണാനില്ലെന്ന വിവരം നഗരസഭയിലുള്ളവരും അറിയുന്നത്. സെക്രട്ടറിയില്ലാത്തതിനെ തുടര്‍ന്ന് നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയായിരുന്നു. നഗരസഭാ ജീവനക്കാരുടെ ശമ്പള വിതരണം, കൗണ്‍സിലര്‍മാരുടെ ഓണറേറിയം, ഫയലുകളിലെ തീര്‍പ്പ് കല്‍പ്പിക്കല്‍ എന്നിവ മുടങ്ങിക്കിടക്കുകയായിരുന്നു. എഞ്ചിനീയര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയതോടെ ജീവനക്കാരുടെ ശമ്പളവും കൗണ്‍സിലര്‍മാരുടെ ഓണറേറിയവും വിതരണം ചെയ്തു. പുതിയ എഞ്ചിനീയര്‍ വരുന്നതുവരെയാണ് എഞ്ചിനീയര്‍ക്ക് ചുമതലയുള്ളത്. ബന്ധുക്കളുടെയും നഗരസഭയുടെയും പരാതിയെ തുടര്‍ന്ന് കുന്നംകുളം പൊലിസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ രണ്ടുവരെ സജികുമാറിന്റെ ഫോണ്‍ ഓണായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. സജികുമാറിന്റെ ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."