ക്വാറന്റൈനിലുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കണം: കൊവിഡ് പരിശോധന വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കൊവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാരോടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം. അതിനാവശ്യമായ കിറ്റ് സര്‍ക്കാര്‍ ലഭ്യമാക്കും. ഇപ്പോള്‍ ക്വറന്റൈനില്‍ കഴിയുന്ന മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയണം.
കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ പൊലിസ് മേധാവികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡ് പ്രതിരോധത്തിനും ലോക്ഡൗണ്‍ പ്രാവര്‍ത്തികമാക്കുന്നതിനും നല്ല ഏകോപനത്തോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുടര്‍ന്നും ഈ രീതിയില്‍ മുന്നോട്ടുപോകണം. ലോക്ഡൗണ്‍ ജനങ്ങള്‍ക്ക് വിവരണാതീതമായ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ഒരുപാട് ഇളവുകള്‍ നല്‍കാനാവില്ല. ഉദ്യോഗസ്ഥര്‍ ഉറച്ചനിലപാട് എടുക്കണം. എന്നാല്‍ ജനങ്ങളോടുള്ള സമീപനം സൗഹാര്‍ദപരവും സഹാനുഭൂതിയുള്ളതുമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട്‌സ്‌പോട്ട് ആയ മേഖലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കണം.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ ധാരാളമായി അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ തീരുമാനമെടുക്കുമ്പോള്‍ പ്രായോഗിക സമീപനം വേണം. അനുവദിക്കാന്‍ കഴിയാത്ത കേസുകള്‍ അപേക്ഷകരെ ബോധ്യപ്പെടുത്തണം. അവരുടെ വികാരം കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിര്‍ത്തി ജില്ലകളില്‍ പുതിയ കേസുകള്‍ വരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണം. പൊലിസും ആരോഗ്യവകുപ്പും യോജിച്ച് ഇക്കാര്യങ്ങള്‍ ചെയ്യണം. കാട്ടിലെ ഊടുവഴികളിലൂടെ നടന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നതു തടയാന്‍ വനം വകുപ്പിന്റെ സഹകരണത്തോടെ പോലീസ് നടപടി സ്വീകരിക്കണം.
റമദാന്‍ കാലമാണെങ്കിലും പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥനയോ ആളുകള്‍ കൂടുന്ന ചടങ്ങോ ഉണ്ടാകില്ലെന്ന് എല്ലാ മതസംഘടനകളും മതനേതാക്കളും ഉറപ്പുനല്‍കിയിട്ടുണ്ട്. അതു നടപ്പായിട്ടുമുണ്ട്. എന്നാല്‍ താഴെ തട്ടില്‍ ചില പള്ളികളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ടുണ്ട്. അതൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണം.
വ്യാജമദ്യം തടയാന്‍ കര്‍ശന നടപടി വേണം. അത്യാവശ്യ മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നുണ്ട്. ജില്ലാ ഭരണസംവിധാനവും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.
കൃഷിസംബന്ധമായ ജോലികള്‍ തടസ്സമില്ലാതെ നടക്കണം. പച്ചക്കറിപോലെ കേടുവന്നു പോകുന്ന സാധനങ്ങള്‍ എത്രയും വേഗം ശേഖരിച്ച് വിപണികളില്‍ എത്തിക്കണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശേഖരിച്ച കശുവണ്ടി ഫാക്ടറികളിലെത്തിക്കാന്‍ സൗകര്യമുണ്ടാക്കണം.
ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ ഭരണസംവിധാനങ്ങളും ശ്രദ്ധിക്കണം. മൊത്തവ്യാപാരികളുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ കൊണ്ടുവരുന്ന ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൃത്യമായി നിരീക്ഷിക്കണം. അവരിലൂടെ രോഗം പടരുന്ന സ്ഥിതി ഉണ്ടാകരുത്. ഡ്രൈവര്‍മാര്‍ക്ക് താമസ സൗകര്യം നല്‍കണം. അവരെ ചുറ്റിക്കറങ്ങാന്‍ അനുവദിക്കരുത്.
മഴക്കാല പൂര്‍വ ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണം. നദികളിലും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ കാലവര്‍ഷം മുന്നില്‍കണ്ട് നീക്കണം.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും ആലോചിക്കുന്നുണ്ട്. കേരളം നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചതാണ്. അതു നടപ്പാകുമ്പോള്‍ പതിനായിരങ്ങളായിരിക്കും കേരളത്തിലേക്ക് വരിക. അതു മുന്നില്‍ കണ്ടുള്ള നടപടികള്‍ വേണം. എയര്‍പോര്‍ട്ടില്‍ രോഗപരിശോധനയ്ക്ക് വിപുലമായ സംവിധാനം വേണം. എയര്‍പോര്‍ട്ടിനടുത്തു തന്നെ ക്വാറന്റൈന്‍ സൗകര്യം ഉണ്ടാകണം. എല്ലാവര്‍ക്കും പ്രത്യേകം ടോയ്‌ലെറ്റ് സൗകര്യം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റണം. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം വേണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യമായി ഇടപെടണം.
വീഡിയോ കോണ്‍ഫറന്‍സില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും തൃശ്ശൂരില്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."