പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുമായി ഫ്‌ളൈറ്റില്‍; മലയാളി ദമ്പതികള്‍ക്ക് പൈലറ്റിന്റെ അധിക്ഷേപം
കൊച്ചി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുമായി യാത്ര ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികള്‍ക്കു നേരെ പൈലറ്റിന്റെ അധിക്ഷേപം. സിംഗപൂര്‍ എയര്‍ലൈന്‍സിനു കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈന്‍സിലാണ് സംഭവം.
കൊച്ചി സ്വദേശിയായ ദിവ്യ ജോര്‍ജും ഭര്‍ത്താവും സിംഗപ്പൂരില്‍ നിന്നും ഫുക്കറ്റിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് പൈലറ്റ് അപമാനിച്ചത്.
ദിവ്യ ജോര്‍ജ് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറായി വൈകുകയാണ്. സുഖമില്ലാത്ത മകളുമായി വിമാനത്തില്‍ നിന്ന് പുറത്തുപോകണമെന്നാണ് അവര്‍ പറയുന്നതെന്ന് ദിവ്യ ഫെയ്‌സ്ബുക്കില്‍ പറയുന്നു.അഞ്ചു വയസുണ്ടെങ്കിലും ഇവരുടെ കുഞ്ഞിന് 8.5 കിലോ മാത്രമേ ഭാരമുള്ളു.
സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റണ്ടെന്നായിരുന്നു പൈലറ്റ് അറിയിച്ചത്. പ്രതിരോധിക്കാന്‍ ദിവ്യയും ഭര്‍ത്താവ് മാത്യുവും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ക്യാപ്റ്റന്റേയും മറ്റ് ജീവനക്കാരുടേയും എതിർപ്പുകള്‍ തുടരുകയായിരുന്നു.
പിന്നീട് വിമാനജീവനക്കാരോട് വിഷയത്തില്‍ വ്യക്തത തേടിക്കൊണ്ട് ഭര്‍ത്താവ് സംസാരിക്കുന്നതിന്റെ വീഡിയോയും പിന്നാലെ ദിവ്യ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.
അഞ്ചുവര്‍ഷത്തിനിടയില്‍ 67 തവണ തങ്ങള്‍ ഫ്‌ളൈറ്റില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇത്തരമൊരനുഭവം ജീവിതത്തിലാദ്യമാണ്. വിമാന ജീവനക്കാര്‍ ആദ്യം ചെറിയ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാല്‍ കാര്യം മനസ്സിലാക്കാറുണ്ടെന്നും ദിവ്യ പറഞ്ഞു.
കുഞ്ഞിന് ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത്. സീറ്റ് ബെല്‍റ്റ് നല്‍കാമെന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ എല്ലാം തകിടംമറിയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുമതി നിഷേധിച്ചത്.
ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും താനും ഭർത്താവും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."