വീട്ടമ്മയെ കുത്തിക്കൊന്ന പതിനാറുകാരൻ പിടിയില്‍
ഫറോക്ക്: കോഴിക്കോട് ബേപ്പൂരിനടുത്ത് വീട്ടമ്മയെ കുത്തിക്കൊന്ന പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍. പനങ്ങാട് പറമ്പ് റുക്സാന മന്‍സിലില്‍ ആമിന(65)യെയാണ് ജൂണ്‍ ഒമ്പതിന് ബേപ്പൂരിനടുത്ത് അരക്കിണര്‍ അനുഗ്രഹ ഓഡിറ്റോറിയത്തിനു സമീപത്തെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. ഇന്നലെയാണു പൊലിസ് പ്രതിയെ പിടികൂടിയത്.
ഇരുപതു രൂപ ചോദിച്ച് ആമിനയുടെ വിട്ടില്‍ കയറിച്ചെന്ന പതിനാറു വയസുകാരനായ പ്രതി ആമിനയുടെ കയ്യില്‍ കണ്ട 1000 രൂപ തട്ടിപ്പറിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. പണം തട്ടിപ്പറിക്കുന്നതിനിടെ പ്രതി ആമിനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം അടുക്കളയില്‍ നിന്നും കത്തിയെടുത്ത് കുത്തിക്കൊല്ലുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
കൊലക്കായി വീട്ടില്‍ നിന്നെടുത്ത കത്തി തുണിയില്‍ പൊതിഞ്ഞ് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്കെറിയുകയായിരുന്നു. കൊലപാതക സമയത്ത് ആമിന എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിയുടെ വലതുകൈ മുറിയുകയും ഷര്‍ട്ടില്‍ രക്തം പുരളുകയും ചെയ്തിരുന്നു. ഷര്‍ട്ട് സ്വന്തം വീടിനടുത്ത ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍വച്ചു മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. പിടിച്ചുപറിച്ച രണ്ട് 500 രൂപ നോട്ടുകള്‍ പ്രതിയുടെ വീടിന്റെ സോഫക്കടിയില്‍ ഒളിപ്പിച്ചുവയ്ക്കുകയും ചെയ്തു. പൊലിസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി.
ആമിന വീട്ടില്‍ വര്‍ഷങ്ങളായി തനിച്ചായിരുന്നു താമസം. മക്കളും ബന്ധുക്കളും ദിവസവും സഹായത്തിനെത്താറുണ്ട്. സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ പേരമകനാണു രക്തം വാര്‍ന്നൊലിച്ച നിലയില്‍ മൃതദേഹം കണ്ടത്. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാളവിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ വിശദമായ തെളിവെടുപ്പു നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പതിനാറുകാരന് കുറച്ചു ദിവസമായി കര്‍ശന നിരീക്ഷണത്തിലായിരുന്നു.
ഫോറന്‍സിക് പരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ ഇന്നു കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."