കൊവിഡ് ഡ്യൂട്ടിക്ക് പ്രത്യേക അലവന്‍സ് വേണ്ട; റിസ്‌ക്ക് അലവന്‍സ് ചോദിച്ച പൊലിസിനെ വെട്ടിലാക്കി അഗ്നിശമന സേന
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് പ്രത്യേക അലവന്‍സ് വേണ്ടെന്ന് വ്യക്തമാക്കി അഗ്നിശമന സേനാ മേധാവി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കി. കൊവിഡ് ഡ്യൂട്ടിക്ക് റിസ്‌ക്ക് അലവന്‍സായി 126 കോടി ആവശ്യപ്പെട്ട പൊലിസിനെ വെട്ടിലാക്കിയാണ് അഗ്നിശമനസേന രംഗത്തെത്തിയിരിക്കുന്നത്. ഗുരുതര സാഹചര്യത്തിലുള്ള ജോലികള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ അനുവദിക്കാറുണ്ടെങ്കിലും കൊവിഡ് കാലത്ത് പ്രതിഫലം ചോദിക്കുന്നില്ലെന്നും അഗ്നിശമന സേനാ മേധാവി എ. ഹേമചന്ദ്രന്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ കത്തില്‍ പറയുന്നു.
കൊവിഡ് കാലത്ത് കഠിനമായി അധ്വാനിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് ആവശ്യപ്പെടുന്നില്ല. ഓരോ പ്രദേശങ്ങളിലും കഠിനമായ ജോലിയാണ് അഗ്നിശമന സേന ചെയ്യുന്നത്. വൈറസ് ബാധിത പ്രദേശങ്ങളില്‍ ഉള്‍പ്പടെ ശുചീകരണം നടത്താന്‍ അഗ്നിശമന സേനയും നിയോഗിക്കപ്പെടുന്നുണ്ട്. ക്വാറന്റൈനില്‍ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ വൃത്തിയാക്കുന്നത് അഗ്നിശമന സേനയാണ്. ജീവന്‍രക്ഷാ മരുന്നുകളുമായി കിലോമീറ്ററുകള്‍ താണ്ടി സഞ്ചരിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സല്യൂട്ടെന്നും മറ്റുള്ളവര്‍ക്ക് പ്രത്യേക അലവന്‍സുണ്ടെങ്കില്‍ മാത്രം അഗ്നിശമന സേനയെ പരിഗണിച്ചാല്‍ മതിയെന്നും ഹേമചന്ദ്രന്‍ ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
കൊവിഡ് ഡ്യൂട്ടി ചെയ്തുവെന്ന പേരില്‍ പൊലിസ് ഹെഡ്ക്വാട്ടേഴ്‌സും ട്രെയിനിങ് കോളജിലും ഉള്‍പ്പടെയുള്ളവര്‍ക്ക് റിസ്‌ക്ക് അലന്‍വസ് ചോദിച്ച ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ വെട്ടിലാക്കുന്നതാണ് ഹേമചന്ദ്രന്റെ കത്ത്. ഡി.ജി.പിയുടെ അപേക്ഷയില്‍ ധനവകുപ്പ് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കെയാണ് ധനവകുപ്പിന് ആശ്വാസകരമാണെന്ന തരത്തില്‍ അഗ്നിശമന സേനയുടെ കത്ത് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."