HOME
DETAILS
MAL
ബാബരി മസ്ജിദ് കേസില്‍ മധ്യസ്ഥ നീക്കത്തിന് സുപ്രിംകോടതി; തീരുമാനം മാര്‍ച്ച് അഞ്ചിന്
backup
February 26 2019 | 06:02 AM
* കേസ് ആറാഴ്ചത്തേക്കു നീട്ടിവച്ചു
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ അപ്രതീക്ഷിതമായി മധ്യസ്ഥ നീക്കവുമായി സുപ്രിംകോടതി. കേസില്‍ ഇന്നു വാദംകേള്‍ക്കുന്നതിനിടെ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതു സംബന്ധിച്ച അഭിപ്രായം ആദ്യം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് മുന്നോട്ടുവച്ചത്. സിവില്‍ തര്‍ക്ക നിയമത്തിലെ 89ാം വകുപ്പ് പ്രകാരം തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മധ്യസ്ഥ ചര്‍ച്ചകള്‍ മുന്‍പ് ഉണ്ടായെങ്കിലും അതു വിജയിച്ചില്ലെന്ന് ഇതിന് സുന്നി വഖ്ഫ് ബോര്‍ഡ് നിലപാടെടുത്തു. മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച അഭിപ്രായത്തോട് ഹൈന്ദവട്രസ്റ്റുകളും യോജിച്ചു. ഇതോടെ ഇക്കാര്യത്തില്‍ അടുത്തമാസം അഞ്ചിന് തീരുമാനം അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ദീപക് മിശ്ര ചീഫ്ജസ്റ്റിസായപ്പോഴും തര്‍ക്കത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും സുന്നി വഖ്ഫ് ബോര്‍ഡ് അംഗീകരിച്ചിരുന്നില്ല. അയോധ്യയില്‍ എന്തുവന്നാലും രാമക്ഷേത്രം നിര്‍മിക്കുമെന്ന് സംഘ്പരിവാര്‍ നിലപാടെടുക്കുന്ന സാഹചര്യത്തില്‍ മധ്യസ്ഥചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നും കേസ് കോടതി തന്നെ തീരുമാനിക്കട്ടെയെന്നുമാണ് ബോര്‍ഡിന്റെ നിലപാട്.
അതേസമയം, കേസ് സുപിംകോടതി ഇന്ന് ആറാഴ്ചത്തേക്കു നീട്ടിവച്ചു. ഇന്നു ഒന്നരമണിക്കൂറോളം നീണ്ടുനിന്ന വാദത്തിനൊടുവിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ നടപടി. പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണചൂട് ഉച്ഛിയിലെത്തുന്ന ഏപ്രില്‍ മധ്യത്തിലാവും ഇനി കേസ് പരിഗണിക്കുക. അതിനാല്‍ കേസില്‍ വാദം പൂര്‍ത്തിയായി വോട്ടെടുപ്പ് നടക്കും മുന്‍പ് കേസില്‍ വധിവരില്ലെന്ന് ഉറപ്പായി. പൊതുതെരഞ്ഞെടുപ്പിനു മുന്‍പായി രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം സംഘ്പരിവാര്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് കേസ് സുപ്രിംകോടതി നീട്ടിവച്ചത്.
കേസ് ഇതിനു മുന്‍പ് പരിഗണിച്ചപ്പോള്‍ കേസിലെ രേഖകളുടെ വിവര്‍ത്തനംചെയ്ത പകര്‍പ്പ് സമര്‍പ്പിക്കാന്‍ കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സമര്‍പ്പിക്കപ്പെട്ട വിവര്‍ത്തനങ്ങള്‍ ഇന്നു കോടതി പരിശോധിച്ചു. എന്നാല്‍, ഇനിയും നിരവധി രേഖകള്‍ വിവര്‍ത്തനംചെയ്യാന്‍ ബാക്കിയുണ്ടെന്ന് ചില ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. സമര്‍പ്പിക്കപ്പെട്ട വിവര്‍ത്തനങ്ങളില്‍ ഹരജിക്കാര്‍ക്ക് വിയോജിപ്പ് ഉണ്ടോയെന്നും ഇല്ലെങ്കില്‍ മാത്രമെ വാദം തുടങ്ങൂവെന്നും കോടതി അറിയിച്ചു. എന്നാല്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ തങ്ങള്‍ക്കു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാനും ദുശ്യന്ത്യ ദവെയും അറിയിച്ചു. ഇതോടെ ഇവയെല്ലാം പരിശോധിക്കാന്‍ എത്ര സമയം വേണമെന്നു കോടതി ചോദിച്ചു. അതിനു എട്ട് മുതല്‍ 12 വരെ ആഴ്ചകള്‍ വേണ്ടിവരുമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ് അറിയിച്ചു. ഇതോടെയാണ് സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് കേസ് നീട്ടിവച്ചത്.
ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."