ജീപ്പ് കോമ്പസ് ഡീസല്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു
സാങ്കേതിക പരിശോധനക്കായി ജീപ്പ് കോമ്പസ് എസ്.യു.വികളെ തിരികെവിളിക്കുന്നു. 2017 ഡിസംബര്‍ 18 നും 2018 നവംബര്‍ 30 നുമിടയ്ക്ക് നിര്‍മ്മിച്ച 11,002 കോമ്പസ് ഡീസല്‍ മോഡലുകളിലാണ് എമിഷന്‍ പ്രശ്‌നം കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി തിരികെ വിളിക്കുന്നത്.
എമിഷന്‍ സംവിധാനത്തില്‍ സംഭവിച്ച പിഴവ് കാരണം കോമ്പസ് യൂണിറ്റുകള്‍ അനുവദിച്ചതിലും കൂടുതല്‍ അളവില്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ എമിഷന്‍ കുറിക്കുന്നു. മോഡലുകള്‍ തിരിച്ചുവിളിച്ച് പ്രശ്‌നം സൗജന്യമായി പരിഹരിച്ചു നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡീലര്‍ഷിപ്പുകള്‍ക്ക് എഫ്‌സിഎ ഇന്ത്യ നല്‍കിക്കഴിഞ്ഞു.
പുതിയ സോഫ്റ്റ് വെയര്‍ അപ്!ഡേറ്റ് ഉപയോഗിച്ച് ഇസിയു റീപ്രോഗ്രാം ചെയ്യുമ്പോള്‍ എമിഷന്‍ പ്രശ്‌നം പരിഹരിക്കപ്പെടും. എമിഷന്‍ പ്രശ്‌നം പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തില്ലെന്നും ആശങ്ക വേണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
വരുംദിവസങ്ങളില്‍ പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ ഡീലര്‍മാര്‍ നേരിട്ടു വിവരം അറിയിക്കും.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മുമ്പ് എയര്‍ബാഗിലെ നിര്‍മ്മാണപ്പിഴവിന്റെ പേരിലും 1,200 കോമ്പസ് എസ്‌യുവികളെ ജീപ്പ് തിരിച്ചുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."