സഊദിയെ തകര്‍ത്ത് ആതിഥേയര്‍
മോസ്കോ: 80,000 ത്തോളം വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ സഊദി അറേബ്യയുടെ ടച്ചോടെയാണ് മത്സരത്തിന് തുടക്കമായത്. ടച്ചിനു ശേഷം സഊദി മികച്ചു കളിച്ചെങ്കിലും കൂടുതല്‍ കഴിയും മുമ്പെ കളിയില്‍ റഷ്യ ആധിപത്യം സ്ഥാപിച്ചു.
കളിയുടെ 12ാം മിനുട്ടില്‍ 2018 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. സുന്ദരമായ മുന്നേറ്റത്തിലൂടെ റഷ്യന്‍ താരം യൂറി ഗസിന്‍സ്കി ലോകകപ്പിലെആദ്യ ഗോള്‍ സ്വന്തമാക്കി. ഇടത് വിങ്ങില്‍ നിന്ന് ഗോളോവിന് നല്കിയ പന്താണ് സുന്ദരമായ നീക്കത്തിലൂടെ ലക്ഷ്യത്തിലെത്തിച്ചത്. 24ാം മിനുട്ടില്‍ സഊദി താരവുമായി കുട്ടിയിടിച്ച് റഷ്യന്‍ താരം ഡസാഗോവേക്ക് പരുക്കേറ്റ് പുറത്തു പോയി. പകരക്കാരനായി ചെറിഷേവ് കളത്തിലെത്തി. പരുക്കേറ്റതോടെ ഡസാഗോവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ തുലാസിലായി. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ റഷ്യ നിരന്തരം സഊദി ഗോള്‍മുഖം അക്രമിച്ചു.
സഊദിക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടു. 43ാം മിനുട്ടില്‍ റഷ്യയുടെ രണ്ടാം ഗോളും പിറന്നതോടെ സഊദി തീര്‍ത്തും പ്രതിരോധത്തിലായി. പകരക്കാരനായി കളത്തിലെത്തിയ ചെറിഷേവായിരുന്നു റഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്. സബോനിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ തിരിച്ചടിക്കണമെന്ന വാശിയോടെ കളി തുങ്ങിയ സഊദി ഏതാനും നല്ല മുന്നേറ്റങ്ങള്‍ നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ല.
രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ ലുസ്നിസ്കി സ്റ്റേഡിയം ആരവങ്ങളില്‍ മുങ്ങി. 71ാം മിനുട്ടില്‍ റഷ്യയുടെ മൂന്നാമത്തെ ഗോളും സഊദിയുടെ വലയിലായി. ഗോളോവിന്റെ പാസില്‍ നിന്ന് ഡിസിബയാണ് റഷ്യയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. കൂടുതല്‍ ഗോളുകള്‍ വഴങ്ങാതിരിക്കുന്നതിന് വേണ്ടി സഊദി പ്രതിരോധ നിരയിലെ താരങ്ങളെ മാറ്റിപ്പരീക്ഷിച്ചു.
74ാം മിനുട്ടില്‍ ഹതാന്‍ ബാബിറിയെ കളത്തിലിറക്കി. 85ാം മിനുട്ടില്‍ മുഹമ്മദ് അല്‍ സഹ് ലവിക്ക് പകരക്കാരനായി മുഹമ്മദ് അന്‍സാരി ഗ്രൗണ്ടിലെത്തി. 91ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ ചെറിഷേവ് പന്തിനെ സുന്ദരമായി വലയിലെത്തിച്ചു. അധികമായി അനുവദിച്ച മൂന്ന് മിനുട്ടിന്റെ അവസാനത്തില്‍ ഫ്രീകിക്കിലൂടെ വീണ്ടും ഗോള്‍ നേടി സഊദിക്ക് മേല്‍ അവസാനത്തെ ആണിയുംഅടിച്ച് റഷ്യ മത്സരം പൂര്‍ത്തിയാക്കി. ആന്ദ്രേ ഗോളോവിനാണ് അഞ്ചാം ഗോള്‍ നേടിയത്. ഇരട്ട ഗോളുമായി ഡെനിസ് ചെറിഷേവ് മികച്ച കളിപുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."