കൊവിഡ്: ഉച്ചക്കുശേഷമെത്തുന്ന പോസിറ്റീവ് ഫലങ്ങള്‍ പുറംലോകമറിയാന്‍ ഒരു ദിവസം; ഡോക്ടര്‍മാര്‍ പോലും അറിയുന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനശേഷം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും കേരളത്തില്‍ പോസിറ്റീവ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര സുരക്ഷാപ്രശ്‌നത്തിന് ഇനിയും പരിഹാരമില്ല. ഒരോ ദിവസവും ഉച്ചയ്ക്കു ശേഷം ലഭിക്കുന്ന പോസിറ്റീവ് കേസുകളുടെ ഫലങ്ങള്‍ അടുത്തദിവസം വൈകുന്നേരത്തോടെ മാത്രമാണ് ബന്ധപ്പെട്ട ജില്ലാഭരണകൂടങ്ങള്‍ക്കും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കുമൊക്കെ ലഭിക്കുന്നത്. സംസ്ഥാനത്തു രണ്ടാംഘട്ട കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആശങ്കയിലാക്കുന്ന ഈ പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ പരിഹാരം കണ്ടിട്ടില്ല.
ഒരോദിവസവും ഉച്ചയ്ക്കു 12 മണിവരെ ലഭിക്കുന്ന പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തുന്നത്. പൊസിറ്റീവ് കേസുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ മാത്രം പുറത്തറിഞ്ഞാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ ഉച്ചയ്ക്കു 12 മണിക്കു ശേഷം ലഭിക്കുന്ന പരിശോധനാഫലങ്ങള്‍ അടുത്തദിവസം വൈകുന്നേരം വരെ പുറത്തുവിടാതിരിക്കുകയാണ് ചെയ്യുന്നത്. പരിശോധന നടത്തിയ ലാബില്‍ നിന്ന് ഫലം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലും അവിടെ നിന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫിസ് വഴി മുഖ്യമന്ത്രിയുടെ ഓഫിസിലുമെത്തും. പോസിറ്റീവ് കേസുകളുടെ വിവരങ്ങള്‍ പിന്നീട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു ശേഷമാണ് അതത് ജില്ലാഭരണകൂടങ്ങള്‍ വഴി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചികിത്സിക്കുന്ന ആശുപത്രികളിലും ലഭിക്കുന്നത്.
ഓരോ ദിവസവും ഉച്ചയ്ക്കുശേഷം പുറത്തുവരുന്ന പോസിറ്റീവ് ഫലങ്ങളുടെ കാര്യത്തില്‍ രോഗികള്‍ക്കു നല്‍കേണ്ട പരിചരണവും പ്രതിരോധ നടപടികളുടെ ഭാഗമായ സമ്പര്‍ക്കവിവരം ശേഖരിക്കലും മറ്റുമൊക്കെ ഒരു ദിവസം വൈകിയാണ് തുടങ്ങുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണ്. ഇത്തരം കേസുകളുടെ കാര്യത്തില്‍ ഓരോ ദിവസവും വാര്‍ത്താസമ്മേളനത്തിനു ശേഷം നെട്ടോട്ടമോടേണ്ട സ്ഥിതിയാണെന്ന് ജില്ലാ ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടവരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."