അര്‍ജന്റീനക്ക് ഇന്ന് ആദ്യ പരീക്ഷണം
ലോകകപ്പ് പ്രതീക്ഷകള്‍ കാക്കാന്‍ അര്‍ജന്റീനയും ഫ്രാന്‍സും ഇന്ന് കളത്തില്‍. ഗ്രൂപ്പ് സി യിലെ ആദ്യ പോരാട്ടത്തില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെയും ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്‌ലന്‍ഡിനെയും നേരിടും.
കരുത്തരായ ഫ്രാന്‍സിന് ഓസ്‌ട്രേലിയ കടക്കാന്‍ എളുപ്പമായിരിക്കും. കൈലിയന്‍ എംപാപ്പെയുടെ പരുക്കാണ് ഫ്രാന്‍സിനെ അലട്ടുന്നത്. പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. അന്റോണിയോ ഗ്രിസ്മാന്‍, റാഷ്‌ഫോര്‍ഡ് എന്നിവര്‍ മികച്ച ഫോമിലെന്നത് ഫ്രാന്‍സിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഉംറ്റിറ്റിയുടെയും വരാനെയുടെയും നേതൃത്വത്തിലുള്ള ഫ്രഞ്ച് പ്രതിരോധ നിരയും കരുത്തരാണ്. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഫ്രഞ്ച് പട മുന്നേറും. ഉച്ചകഴിഞ്ഞ് 3.30നാണ് ഫ്രാന്‍സ് - ഓസ്‌ട്രേലിയ മത്സരം.
മാരക്കാനയില്‍ നിന്നേറ്റ ഉറങ്ങാത്ത മുറിവുമായാണ് അര്‍ജന്റീനയുടെ റഷ്യയിലേക്കുള്ള വരവ്. അന്ന് ഫൈനലില്‍ ജര്‍മനിയോട് അവസാന മിനുട്ട് വരെ പൊരുതിയാണ് അര്‍ജന്റീന കീഴടങ്ങിയത്. സൂപ്പര്‍ താരം മെസ്സിയിലാണ് അര്‍ജന്റീനയുടെ മുഴുവന്‍ പ്രതീക്ഷയും. മെസ്സിയുടെ അവസാന ലോകകപ്പായതിനാല്‍ ഈ ലോകകപ്പ് അര്‍ജന്റീനയിലെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ആദ്യമായിട്ടാണ് അര്‍ജന്റീനയും ഐസ്‌ലന്‍ഡും ലോകകപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്നത്. ലോകോത്തര താരങ്ങളുണ്ടായിട്ടും ലോകകപ്പില്‍ ദൗര്‍ഭാഗ്യമാണ് അര്‍ജന്റീനയുടെ വില്ലന്‍. ലയണല്‍ മെസ്സിക്കൊപ്പം യുവന്റസിന്റെ ഡിബാലയും ഹിഗ്വയ്‌നും പി.എസ്.ജിയുടെ എയ്ഞ്ചല്‍ ഡി മരിയയുമാണ് മുന്നേറ്റ നിരയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍.
1930 മുതലുള്ള പതിനെട്ടു ലോകകപ്പുകളില്‍ പതിനാലെണ്ണത്തിലും യോഗ്യത നേടിയ അര്‍ജന്റീന ആദ്യ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു. അഞ്ചു തവണ ഫൈനല്‍ കളിച്ച ഇവര്‍ 1978ല്‍ ഹോളണ്ടിനെ 3-1 കീഴടക്കി ആദ്യമായി ജേതാക്കളായി. 1986ല്‍ പശ്ചിമ ജര്‍മ്മനിയെ 3-2നു പരാജയപ്പെടുത്തി ഒരിക്കല്‍ക്കൂടി കിരീടം നേടി. 1930ലെ പ്രഥമ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും അയല്‍ക്കാരായ ഉറുഗ്വയോട് പരാജയപ്പെട്ടു. 1990 ലോകകപ്പിലെ ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയോടു പരാജയപ്പെട്ടു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 6.30ന് ഓട്ട്ക്രിറ്റി അരീന സ്‌റ്റേഡിയത്തലാണ് അര്‍ജന്റീന - ഐസ്‌ലന്‍ഡ് പോരാട്ടം. ഇന്ന് പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."