ജനസമ്പര്‍ക്ക പരിഹാരം 2017ന് തുടക്കമായി അപേക്ഷകള്‍ അക്ഷയ വഴി
കൊച്ചി: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി പരിഹാരം 2017ന് അന്തിമരൂപമായി. 27ന് പറവൂര്‍ താലൂക്കിലാണ് ആദ്യത്തെ പരിപാടി. തുടര്‍ന്ന് മറ്റ് താലൂക്കുകളിലും പരിഹാരം 2017 സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷകളില്‍ പരിഹാരമാകാത്ത പരാതികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല തലവന്മാര് നേരിട്ട് കേട്ട് തീര്‍പ്പാക്കുന്ന രീതിയിലാണ് പരിഹാരം 2017 വിഭാവനം ചെയ്തിരിക്കുന്നത്. പറവൂര്‍ താലൂക്കിലെ പരാതിക്കാര്‍ക്ക് 12 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതികള്‍ സമര്‍പ്പിക്കാനാകും. അപേക്ഷകള്‍ താലൂക്ക് തലത്തില്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. പരിഹാരം 2017മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കും അക്ഷയ കേന്ദ്രം മാനേജര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയും പൂര്‍ത്തിയായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള ധനസഹായം, ബി.പി.എല്‍ റേഷന്‍ കാര്‍ഡിലേക്കുള്ള മാറ്റം എന്നിവയ്ക്കുള്ള അപേക്ഷകള്‍ പരിഹാരം 2017ല്‍ പരിഗണിക്കില്ല. 12 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അവരവരുടെ താലൂക്കില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ അവ നല്‍കാം. ഇത്തരം അപേക്ഷകളില്‍ നടപടി സ്വീകരിച്ച് പിന്നീട് വിവരം അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."