ഏതെങ്കിലും കക്ഷികള്‍ക്ക് അധിക സീറ്റ് അനുവദിച്ചാല്‍ ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കുഞ്ഞാലിക്കുട്ടി
കൊച്ചി: സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനമാകാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസുമായുള്ള ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റു വിഭജനത്തിന്റെ ഒന്നാം ഘട്ട ചര്‍ച്ചയാണ് നടന്നത്. അതില്‍ തങ്ങളുടെ ആവശ്യം അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വവുമായും തങ്ങളുമായും കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. ജോസഫ്-മാണി സീറ്റ് തര്‍ക്കത്തില്‍ തങ്ങളുടെ മധ്യസ്ഥതയുടെ ആവശ്യം ഇപ്പോഴില്ല. തങ്ങള്‍ വന്നത് ലീഗിനെ പ്രതിനിധീകരിച്ചാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഏതെങ്കിലും
കക്ഷികള്‍ക്ക് അധിക സീറ്റ് അനുവദിച്ചാല്‍ ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനെതിരേ ഇന്ത്യ ആഞ്ഞടിച്ചടിച്ചതിനെ ലീഗ് സ്വാഗതം ചെയ്യുന്നു. ഡല്‍ഹിയില്‍ വിദേശ്യകാര്യവകുപ്പ് വിളിച്ച സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് അതില്‍ പങ്കെടുക്കും. തീവ്രവാദികള്‍ക്കെതിരേയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കും. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമുണ്ട്. അതിലും പങ്കെടുക്കും. രാജ്യം നേരിടുന്ന പ്രതിസന്ധിയെപ്പറ്റിയും തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യും. തിവ്രാദി ആക്രമണം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഇത് തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടെന്നായിരുന്നു മറുപടി. രാജ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമാണിപ്പോള്‍. രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യമെന്ന ചിന്തമാത്രമാണ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി .എ മജീദ് ആവര്‍ത്തിച്ചു. തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."